ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം


എലത്തൂര്‍ : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇവിടെ നിന്നാണ് ഇന്ധനം വിതരണം ചെയ്യുന്നത്. ഒന്നരവര്‍ഷം അടച്ചിടാനാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ അടയ്ക്കാനുള്ള നിര്‍ദേശം എച്ച്.പി.സി.എല്‍. ചെന്നൈ ഓഫീസില്‍നിന്ന് പുറത്തിറങ്ങി.

ഡിപ്പോയില്‍ അറ്റകുറ്റപണികളും നവീകരണവും തുടങ്ങിയതോടെ സുരക്ഷയുടെ ഭാഗമായാണ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നത് എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്നവിവരം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന ഡിപ്പോയാണിത്.

ഡിപ്പോ അടയ്ക്കുന്നതിന്റെ ഭാഗമായി ഇന്ധനം കൊണ്ടുപോകുന്ന ടാങ്കര്‍ലോറികളുടെ എണ്ണം ക്രമീകരിച്ചുതുടങ്ങി. ദിവസേന നാല്പതിലധികം ടാങ്കര്‍ലോറികളിലായിരുന്നു ഇന്ധനം കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ മുപ്പതില്‍താഴെ ടാങ്കറുകളിലാണ് ഇന്ധനം അയക്കുന്നത്.

എലത്തൂരിലെ ഡിപ്പോ അടക്കുന്നതോടെ എറണാകുളം ഇരുമ്പനത്ത് എത്തി ടാങ്കറുകള്‍ക്ക് ഇനി പെട്രോളിയം ശേഖരിക്കേണ്ടിവരും. ഡിപ്പോയിലേക്ക് ഗുഡ്സ് വാഗണുകളില്‍ പെട്രോള്‍ എത്തിക്കുന്നത് നേരത്തെത്തന്നെ നിര്‍ത്തിയിരുന്നു. നിലവില്‍ വലിയ ടാങ്കര്‍ ലോറികളിലാണ് പെട്രോള്‍ എത്തിക്കുന്നത്. ഡീസല്‍ മാത്രമാണ് ചരക്ക് തീവണ്ടിയില്‍ എത്തുന്നത്.

എലത്തൂരിലെ ഡിപ്പോയില്‍ ഇന്ധനം സൂക്ഷിക്കുന്നതിന് ഭൂഗര്‍ഭസംഭരണി നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. അഗ്‌നി രക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് സുഖമമായി കടന്നുപോകാനുള്ള പാതയും സജ്ജമാക്കുന്നുണ്ട്. റിഫൈനറികളില്‍നിന്ന് നേരിട്ട് ഗുഡ്‌സ് വാഗണുകളില്‍ നിറയ്ക്കുന്ന ഡീസല്‍ ഡിപ്പോയിലെത്തിച്ച് സംഭരണിയില്‍ സൂക്ഷിച്ചശേഷമാണ് വിതരണത്തിനായി ടാങ്കറിലയക്കുന്നത്.

അതേസമയം പയ്യന്നൂരില്‍ ഹിന്ദുസ്ഥാന്‍ പെടോളിയം കോര്‍പ്പറേഷന്‍ ഡിപ്പോ തുടങ്ങാനുള്ള പദ്ധതി വൈകും. കോര്‍പ്പറേഷന്‍ ഇതിനായി കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണ് പദ്ധതി വൈകുന്നത്. എലത്തൂര്‍ ഡിപ്പോയുടെ പ്രവര്‍ത്തനം പയ്യന്നൂരിലേക്ക് മാറ്റാന്‍ നേരത്തെ ആലോചന ഉണ്ടായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ വയനാട്, എന്നിവിടങ്ങളിലെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കാന്‍ ചരക്കുകൂലി കുറയുമെന്നതായിരുന്നു ഇത്തരമൊരു ആലോചനയിലേക്ക് കോര്‍പ്പറേഷനെ എത്തിച്ചത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക