അരിക്കുളത്ത് അപൂര്‍വ്വ ഇനം തവളയെ കണ്ടെത്തി


കോഴിക്കോട്: അരിക്കുളം ഏക്കാട്ടൂര്‍ വീട്ടുപറമ്പില്‍ അപൂര്‍വ്വ ഇനം മെക്‌സിക്കന്‍ ഇല തവളയെ (അഗലിച്ചിനിസ് ഡക്‌നികോളര്‍) കണ്ടെത്തി. റമ്പൂട്ടാന്‍ മരത്തിന്റെ ഇലയിലാണ് ഫൈല്ലോ മെഡൂസിഡ കുടുംബത്തില്‍ പെട്ട തവളയെ കണ്ടെത്തിയത്. ശാസ്ത്രനാമം പാച്ചി മെഡു സ ഡാക്‌നികോളര്‍.

സ്വര്‍ണ്ണ നിറമുള്ള കണ്ണുകളാണ് ഇവയ്ക്ക്. ശരീരത്തില്‍ ചിതറിയ വെളുത്ത കുത്തുകള്‍ ഉണ്ട്. കാലുകള്‍ക്ക് മഞ്ഞകലര്‍ന്ന നിറവും അടിഭാഗം വെള്ളയുമാണ്. പെണ്‍ തവളകള്‍ക്ക് ആണിനെക്കാള്‍ നീളമുണ്ടാവും. വലിയ തവളകള്‍ക്ക് 100 മില്ലി മീറ്റര്‍ വരെ നീളം ഉണ്ടാകും. പ്രധാനമായും ചെറു പ്രാണികളും പാറ്റകളുമാണ് ഭക്ഷണം. രാത്രികാലമാണ് ഇവ ഇര തേടാന്‍ ഇറങ്ങുന്നത്‌. പകല്‍ സമയത്ത് ഇലകളിലും കല്ലിനടിയിലും അഭയം പ്രാപിക്കും.

കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ സാജിദ് അഹമ്മദ് ആണ് ചിത്രം കാമറയില്‍ പകര്‍ത്തിയത്. ശരീരത്തിന്റെ മുകള്‍ ഭാഗം പച്ച നിറത്തിലായതിനാല്‍ ഇലകളില്‍ ഒളിച്ചാല്‍ ഇവയെ കണ്ടെത്താന്‍ പ്രയാസമാണ്. പക്ഷികളില്‍ നിന്നും ഇഴജന്തുക്കളില്‍ നിന്നും രക്ഷനേടാന്‍ ഇവ പച്ചിലകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കും. നദികള്‍, ശുദ്ധജലമുള്ള ചതുപ്പുകള്‍, ജല സംഭരണികള്‍, കുളങ്ങള്‍ എന്നിവയാണ് ഇവയുടെ സ്വാഭാവിക ആവാസ കേന്ദ്രങ്ങള്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക