ആനപ്പാറയും തുരന്ന് തീർക്കുന്നു; കീഴരിയൂരിൽ വൻ പ്രതിഷേധം


കീഴരിയൂർ: ആനപ്പാറ കരിങ്കൽ ക്വോറിക്കെതിരെ പരിസരവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ക്വോറിക്കെതിരെ സ്ത്രീകളും കുട്ടികളുമുൾപ്പടെ നാട്ടുകാർ കുറെ നാളുകളായി സമരത്തിലായിരുന്നു. ഇതിനിടെയാണ് ക്വോറി പ്രവർത്തിക്കാൻ ഹൈക്കോടതി ഉത്തരവുണ്ട് എന്ന് ചൂണ്ടികാട്ടി സമരം ചെയ്യുന്ന നാട്ടുകാരെ അറസ്റ്റു ചെയ്ത് നീക്കാൻ പോലീസ് സ്ഥലത്തെത്തിയത്. ഇത് സമരക്കാരും പോലീസും തമ്മിലുള്ള തർക്കത്തിന് കാരണമായി. ആനപ്പാറ ക്വോറിയുടെ അമ്പത് മീറ്ററിനുള്ളിൽ ഒര് അങ്കനവാടിയും നിരവധി വീടുകളുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്വോറിയിൽ സ്ഫോടനം നടത്തുമ്പോൾ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി അവർ പറയുന്നു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ ക്വോറിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനാവില്ലെന്ന് സ്ഥലത്തെത്തിയ കൊയിലാണ്ടി എസ്.ഐ രാജേഷ് പറഞ്ഞു. എന്നാൽ മനുഷ്യവാസത്തിന് ഭീഷണിയായ ക്വോറിക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ക്വോറിക്ക് സമീപത്തുകൂടിയുള്ള റോഡിലൂടെ അമിതഭാരം കയറ്റിയുള്ള വാഹന ഗതാഗതം പാടില്ല എന്ന് കീഴരിയൂർ പഞ്ചായത്ത് അധികൃതരുടെ നിർദേശമുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിച്ച് ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ജനകീയ പ്രതിഷേധത്തെ തുടർന്ന് കീഴരിയൂർ പഞ്ചായത്ത് ക്വോറികൾക്ക് അനുമതി നൽകുന്നില്ലെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ച് ക്വോറിക്കാർ ഖനനത്തിന് അനുമതി നേടിയെടുക്കുകയാണ്.

കീഴരിയൂർ പഞ്ചായത്തിലെ കുന്നുകളെല്ലാം തുരന്ന് തുരന്ന് ഇല്ലാതാവുകയാണ്. മീറോട് മലയിൽ ചെങ്കൽ ഖനനവും, തങ്കമലയിലും, ആനപ്പാറയിലും കരിങ്കൽ ഖനനവുമാണ് നടക്കുന്നത്. ആനപ്പാറ തങ്കമല ക്വോറികൾ തമ്മിൽ രണ്ടര കിലോമീറ്റർ വ്യത്യാസമേയുള്ളൂ. ക്വോറികളെ നിയന്ത്രിച്ചില്ലെങ്കിൽ കീഴരിയൂർ പഞ്ചായത്തിലെ കുന്നുകളെല്ലാം നാമാവശേഷമാവും. പരിസ്ഥിതിക്കും ജനജീവിതത്തിനും ഇത് കനത്ത പ്രഹരമായിരിക്കു വരുത്തിവെക്കുക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക