ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ സോളാര്‍ കേസിലെ ലൈംഗിക പീഡന ആരോപണം സിബിഐക്ക് വിട്ടു


തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളിലുള്ള അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നേതാക്കളായ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ സിബിഐ അന്വേഷണം ആശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും

സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കരാരിയുടെ മൊഴി.

നിലവില്‍ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകള്‍ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

നേരത്തെ തന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെയും ജുഡീഷ്യല്‍ അന്വേഷണത്തിനും വിധേയമായതാണ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് സോളാര്‍ പീഡന പരാതികള്‍ സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോഴത്തെ നടപടി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക