ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തില്‍ മഴ കനത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ പെയ്തേക്കും. ബുധനാഴ്ച വരെ സമാന കാലാവസ്ഥയായിരിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും യെല്ലോ അലർട്ടാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവ് വര്‍ധിച്ചതോടെ ചൂടിന് ശമനമുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാല്‍ ചൂടിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായേക്കും.

ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. മിന്നല്‍ ചുഴലിയും കാറ്റും മൂലം ജില്ലയിലെ വിവിധ മേഖലകളില്‍ ആയിരത്തിലേറെ വാഴകളാണ് നശി്ചത്. നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. എറണാകുളം അങ്കമാലിയിലും ശക്തമായ കാറ്റും മഴയും ഉണ്ടായതായും വിവരമുണ്ട്.

തീരദേശവാസികളുടെ ശ്രദ്ധയ്ക്ക്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Summary: Summer rain will continue today two distrct is in yellow alert