കാഴ്ച, അനുഭവം; സഞ്ചാരികളെ തേടുന്നു കോഴിക്കോടിന്റെ കുട്ടനാട്


തിക്കോടി: കോഴിക്കോട് ജില്ലയിലെ പ്രധാന ഇക്കോടൂറിസ്റ്റ് മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് പുറക്കാട് അകലാപ്പുഴ. പുഴയുടെ തീരങ്ങളിലുടനീളം തിങ്ങി നിൽക്കുന്ന കേര വൃക്ഷങ്ങളും കണ്ടൽക്കാടുകളും മനം കുളിർക്കുന്ന കാഴ്ചയാണ്. കൈത്തോടുകളും, തുരുത്തും, നാട്ട് മീനുകളും, കൊതുമ്പു വള്ളങ്ങളും, മത്സ്യ കൃഷിയും, ഏറ് മാടങ്ങളും, കുട്ടനാടൻ ശൈലിയിലുള്ള പാടശേഖരവുമാണ് അകലാപ്പുഴയെ കോഴിക്കോടിന്റെ കുട്ടനാടാക്കി മാറ്റുന്നത്.

പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ബോട്ട് യാത്ര നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2 പേർക്കും 5 പേർക്കും പോകാവുന്ന രീതിയിലുള്ള പെഡൽ ബോട്ടുകൾ ഇവിടെ സജീകരിച്ചിട്ടുണ്ട്, ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലാണ് ബോട്ടിംങ്ങ് ആരംഭിക്കുന്നത്. റോയിംങ്ങ് ബോട്ടുകളും കയാക്കിംങ്ങ്, കുട്ട വഞ്ചി എന്നീ സാധ്യതകളെ കൂടി ഉൾപ്പെടുത്തി ടൂറിസം സാധ്യതകളെ ഉയർത്താനും പദ്ധതികൾ തയ്യാറായിട്ടുണ്ട്.

വിസ്തൃതമായ വ്യൂ പോയിന്റ് ആയതിനാൽ കൂടുതൽ പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതാണ് കൂടുതൽപേരെ ഇങ്ങോട്ട് ആകർഷിപ്പിക്കുന്നത്. താരതമ്യേന ആഴം കുറഞ്ഞ സ്ഥലമായതിനാൽ നീന്തിക്കുളിക്കാനും കക്കവാരാനും മീൻ പിടിക്കാനും സഞ്ചാരികൾ ഇവിടങ്ങളിൽ എത്തുന്നുണ്ട്.

തിക്കോടി പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് അകലാപ്പുഴയും തുരുത്തും സ്ഥിതി ചെയ്യുന്നത്. ദേശീയപാത തിക്കോടിയിൽ നിന്ന് 4 Km കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെയെത്താം. കിടഞ്ഞികുന്നിൻ താഴ്‌വരയിൽ പ്രകൃതി അനുഗ്രഹിച്ചു നൽകിയ വിസ്തൃതമായ കായൽ പരപ്പാണ് അകലാപ്പുഴ. അകലമുള്ള പുഴ എന്നാണ് അർത്ഥം. അകലം കൂടുന്തോറും കൂടുന്ന സൗന്ദര്യവുമായി ഇടുങ്ങിയും പടർന്നുമാണ് പുഴയുടെ കിടപ്പ്. വിനോദ സഞ്ചാരത്തിന് അനന്തസാധ്യതകളുള്ള ആരുമറിയാതെ പോയ ഒരു സൗന്ദര്യ റാണിയാണീ കോഴിക്കോടൻ കുട്ടനാട്.

നിലവിൽ ഇവിടെ സഞ്ചാരികൾക്ക് വേണ്ടി പെടൽ ബോട്ട് സർവിസ് നടത്തുന്നുണ്ട് 20 മിനുട്ട് സമയത്തേക്ക് ഒരാൾക്ക് 50 രൂപ നിരക്ക്.
contact number. 9645078593.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക