കാർഷിക നിയമം കോർപ്പറേറ്റ് അനുകൂലമെന്ന് മുഖ്യമന്ത്രി; ഗവര്‍ണറെ വിമര്‍ശിച്ച് പ്രതിപക്ഷം


തിരുവനന്തപുരം: കേന്ദ്രസ‌ർക്കാർ പാസാക്കിയ കാർഷിക നിയമം കോർപ്പറേറ്റ് അനുകൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം കർഷക വിരുദ്ധമാണ്. നിയമത്തിനെതിരെ കർഷകർക്ക് ഇടയിലുളള വിശ്വാസ തകർച്ചയ്‌ക്ക് കാതലുണ്ട്. കോർപ്പറേറ്റ് ശക്തികൾക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുകയാണെന്നും കർഷകർക്കുളള താങ്ങുവില പ്രധാനമാണെന്നും കർഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണ്. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിന്മാറിയിൽ വിപണിയിൽ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടക്കമുളളവ ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാർഷിക രംഗത്ത് വൻ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സർക്കാരിനും ഗവർണർക്കുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി ജോസഫ് രംഗത്തെത്തി. പ്രതിപക്ഷം പ്രമേയത്തിൽ ഭേദഗതിയും നിർദേശിച്ചു. സഭാ സമ്മേളനത്തിന് ആദ്യം അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ശരിയായില്ല എന്ന് കെ സി ജോസഫ് പറഞ്ഞു.

പ്രമേയത്തിന്റെ ഉളളടക്കത്തെ പൂർണമായും അംഗീകരിക്കുന്നുവെന്ന് സി പി ഐ കക്ഷി നേതാവായ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ഉത്പാദനത്തിൻ മേലുളള കർഷകന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെടാൻ സാദ്ധ്യതയുണ്ട്. രാജ്യത്തിന്റെ കരുതൽ ശേഖരം ഈ നിയമത്തിലൂടെ ഇല്ലാതാകും. കേരളം പോലുളള സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാകും. പ്രധാനമന്ത്രി ഇടയ്‌ക്കിടെ പറയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ധാന്യം വിളയില്ലെന്നും അദ്ദേഹം പരിഹസിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക