കുടിവെള്ള പദ്ധതി പേരിന് മാത്രം; പാറപ്പുറം, ചേര്‍മല കോളനികളില്‍ കുടിവെള്ളമില്ല


പേരാമ്പ്ര: പഞ്ചായത്തിലെ പാറപ്പുറം കോളനി, ചേര്‍മല കോളനി എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നില്ല. കേളനിയിലേക്കുള്ള ശുദ്ധ ജലപദ്ധതിയുടെ തകരാറിലായ മോട്ടോര്‍ മാറ്റിവയ്ക്കുകയും പൊട്ടിയ പൈപ്പുകള്‍ നന്നാക്കുകയും ചെയ്തിട്ടും ജലവിതരണം നടക്കുന്നില്ല. ശുദ്ധ ജലപദ്ധതിക്ക് സ്ഥിരമായ ഒപ്പറേറ്ററില്ലാത്തതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണു പരാതി.

ഒന്നിടവിട്ട വൈദ്യുതിയുള്ള ദിവസങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് വെള്ളം കിട്ടുന്നത്. ഒരു ടാങ്കില്‍ നിറയ്ക്കുന്ന വെള്ളം 70 കുടുംബങ്ങള്‍ രണ്ടും മൂന്നും ദിവസം ഉപയോഗിക്കണം. ഇതാണ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ. 2014 മാര്‍ച്ചില്‍ മുടങ്ങിയ പദ്ധതി തദ്ദേശ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് തകരാറിലായ മോട്ടോര്‍ മാറ്റി വീണ്ടും ആരംഭിക്കുകയായിരുന്നു.

ജലവിതരണ പൈപ്പ് പൊട്ടുന്നതു കാരണം പല കുടുംബങ്ങള്‍ക്കും ഇപ്പോഴും വെള്ളം കിട്ടുന്നില്ല. 5 വര്‍ഷമായി പൈപ്പ് പൊട്ടുകയും മോട്ടര്‍ തകരാറാവുകയും ചെയ്തു മുടങ്ങിക്കിടന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായി പുനരാരംഭിച്ചെങ്കിലും നാട്ടുകാര്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥയാണ്. പാറപ്പുറം കോളനി, ചേര്‍മല കോളനി, സമീപത്തെ ചില വീടുകള്‍ അടക്കം എഴുപതോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതി പുനരാരംഭിക്കുന്നതിനു മുമ്പ് ദൂരെ നിന്ന് തലച്ചുമടായി വെള്ളം കൊണ്ടുവരികയായിരുന്നു.

ഉപയോഗിച്ചിരുന്ന 10 എച്ച്പി മോട്ടര്‍ തകരാറാകുകയും പൈപ്പുകള്‍ പൊട്ടിയതുമാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. 2020ല്‍ മോട്ടര്‍ വാങ്ങാന്‍ രണ്ടര ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് പൈപ്പ് നന്നാക്കാന്‍ 10 ലക്ഷം രൂപയും അനുവദിച്ചു. അങ്ങനെയാണ് വീണ്ടും വെള്ളം കൊടുക്കാന്‍ തുടങ്ങിയത്. എന്നാല്‍ പൈപ്പ് പൂര്‍ണമായി മാറ്റാത്തതിനാല്‍ പഴയ പൈപ്പുകള്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കാരണം പൊട്ടുകയാണ്.

വാളേരി തറുവയി ഹാജി സൗജന്യമായി നല്‍കിയ രണ്ട് സെന്റ് സ്ഥലത്താണ് കിണറും പമ്പ് ഹൗസും ഉള്ളത്. ഏത് കാലത്തും സുലഭമായി വെള്ളം ലഭിക്കുന്ന കിണര്‍ കുഴിക്കാന്‍ ഗുണഭോക്താക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ശ്രമദാനം നടത്തുകയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക