കൃഷി ചെയ്യാൻ തയ്യാറാണ്; പക്ഷേ വെള്ളം തന്ന് സഹായിക്കു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിൽ ഉൾപ്പെട്ട മൂഴിക്ക് മീത്തൽ ഭാഗത്ത് 60 ഏക്കറോളം പാടശേഖരം ഉണ്ടെങ്കിലും, കൃഷി ചെയ്യുന്നത് വെറും 10 ഏക്കറിൽ താഴെ മാത്രം. കൃഷിയോട് താല്പര്യമില്ലാഞ്ഞിട്ടല്ല കർഷകർ കൃഷി ഇറക്കാത്തത്. മറിച്ച് ഈ പാടശേഖരത്തിൽ നെൽകൃഷിക്ക് വേണ്ട അടിസ്ഥാന സൗകര്യം ഇല്ലാത്തതാണ് കൃഷിചെയ്യാൻ കർഷകർ വൈമനസ്യം കാണിക്കുന്നത്.

പാട ശേഖരത്തിലേക്ക് ആവശ്യാനുസരണം വെള്ളമെത്തിക്കാനും വേണ്ടാത്ത സമയത്ത് വെള്ളം ഒഴിവാക്കാനും നടപടി വേണം.ജല ക്രമീകരണ പദ്ധതികൾ നടപ്പിലാക്കിയാൽ 60 ഏക്കറിലും കൃഷി ചെയ്യാമെന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്. 50 പേരടങ്ങുന്ന ഇവിടുത്തെ പാടശേഖരസമിതി കാർഷിക പ്രവർത്തിയിൽ വളരെ സജീവമാണ്. പ്രധാനമായും മകര കൃഷിയാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. പുഞ്ച കൃഷിക്ക് ജലസേചന സൗകര്യം അത്യാവശ്യമാണ്. കൃഷി ചെയ്യാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് വെള്ളവും കൊയ്യാൻ പാകമാകുമ്പോൾ വെള്ളം ക്രമീകരിക്കുകയുമാണ് വേണ്ടത്.

മൂഴിക്ക്മീത്തൽ പാടശേഖരത്തോടനുബന്ധിച്ച് മുതുവോട്ട് പുഴയിൽ നമ്പൂരികണ്ടി താഴ ഭാഗത്ത് വർഷങ്ങൾക്കു മുൻപ് ജലസേചന സൗകര്യത്തിനായി പമ്പ് ഹൗസ് സ്ഥാപിച്ചിരുന്നു. പദ്ധതിക്കായി വലിയ മോട്ടോറും സ്ഥാപിച്ചിരുന്നു. മൃതു വോട്ട് പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്തു മൂഴിക്കു മീത്തൽ പാടശേഖരത്തിലെത്തിക്കാനായിരുന്നു പദ്ധതി. കുറച്ചു കാലം മാത്രമേ ഇത് പ്രവർത്തിച്ചുള്ളു. ഇപ്പോൾ പമ്പ് ഹൗസും പരിസരവും കാടുമൂടി കിടപ്പാണ്. മോട്ടോറിന്റെ ഭാഗങ്ങളെല്ലാം നശിച്ചു പോയി. ഇപ്പോൾ പമ്പ് ഹൗസ് മാത്രം നോക്കുകുത്തിയായുണ്ട്.ഈ പദ്ധതി പിന്നീട് പ്രാവർത്തികമാക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.

മൈനർ ഇറിഗേഷൻ വകുപ്പാണ് മുതുവോട്ട് പുഴയിലേക്ക് ഉപ്പുവെള്ളം, കയറാതിരിക്കാനും ജല ക്രമീകരണത്തിനുമായി മൃതുവോട്ട് പുഴയിൽ ബണ്ട് സ്ഥാപിച്ചത്. അതും നാശോന്മുഖമാണിപ്പോൾ. കാടുമൂടി കിടക്കുകയാണ് ഇപ്പോൾ പമ്പ് ഹൗസും പരിസരവും. നമ്പൂരികണ്ടി താഴെ ബണ്ട് പുനരുദ്ധരിക്കുകയും മൂഴിക്കു മീത്തൽ പാട ശേഖരത്തിലേക്ക് ഒരു തോടും നടപ്പാതയും നിർമ്മിക്കുകയും ചെയ്താൽ ഈ ഭാഗത്ത് നെൽക്കൃഷി തിരിച്ചു വരുമെന്നാണ് പാടശേഖരസമിതി അഭിപ്രായപ്പെടുന്നത്. തോടിന്റെ ഓരത്തു കൂടി ചെറിയൊരു റോഡും നിർമ്മിച്ചൽ പാട ശേഖരത്തിൽനിന്ന് കൊയ്തെടുത്ത കറ്റയും മറ്റും കൊണ്ടുവരാനും സാധിക്കും.ഈ ഭാഗത്ത് കൃഷി ചെയ്യാൻ തൽപരരായ ഒട്ടനവധി പേരുണ്ട്.

ശാസ്ത്രീയമായ നെൽകൃഷി വികസന പദ്ധതി നടപ്പിലാക്കിയാൽ കാർഷികമേഖലയ്ക്ക് വലിയ ഉത്തേജനമാകും. അമ്പതോളം കർഷകർ അംഗങ്ങളായ പാടശേഖരസമിതിയാണ് ഇവിടെ കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.