കൊയിലാണ്ടിയില്‍ എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വിദ്യാഭ്യാസവും ആരോഗ്യ സംവിധാവും മെച്ചപ്പെടുത്തും, പാര്‍ക്കും സ്മശാനവും – അടിസ്ഥാന ആവശ്യങ്ങളെ അഭിസംബോധന ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക


കൊയിലാണ്ടി: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി കൊയിലാണ്ടി നഗരസഭയില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കൂടുതല്‍ കുടിവെള്ളം പദ്ധതികള്‍, താലൂക്ക് ആശുപത്രിയില്‍ ജില്ലാ ആശുപത്രിക്ക് സമാനമായ സംവിധാനങ്ങള്‍, മുഴുവന്‍ ക്ലാസ് റൂമുകളുടേയും ഹൈടെക് വത്ക്കരണം, കൊല്ലം ടൗണിന്റെയും കാവുംവട്ടത്തിന്റെയും വികസനം തുടങ്ങിയവ പ്രകടന പത്രികയുടെ സവിശേഷതയാണ്. സ്മശാനം വേണമെന്ന് കാലങ്ങളായുള്ള ആവശ്യം നിറവേറ്റുമെന്നും ഇടതു മുന്നണി വാഗ്ദാനം നല്‍കുന്നു.

കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായ ശേഷം എല്ലാ തവണയും എല്‍ഡിഎഫ് ആണ് വിജയിച്ചു വന്നത്. കൊയിലാണ്ടിയുടെ സമഗ്ര വികസനം തുടരുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് ഇടതു മുന്നണി കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എല്‍ജി ലിജീഷ് പറഞ്ഞു. വനിതാ, കാര്‍ഷികം, നഗര വികസനം, കുടിവെള്ളം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് സമഗ്രമായി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്.

കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ചു നടന്ന പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.മുഹമ്മദ്, അഡ്വ. കെ സത്യന്‍, സി.സത്യചന്ദ്രന്‍, ഇ.കെ. അജിത്ത്, അഡ്വ.ടി കെ രാധാകൃഷ്ണന്‍, ഇ.എസ്. രാജന്‍, കബീര്‍ സലാല, എം. റഷീദ്, ടി.കെ. ചന്ദ്രന്‍, വി.കെ. പത്മിനി എന്നിവര്‍ സംസാരിച്ചു. അഡ്വ. എല്‍.ജി. ലിജീഷ് സ്വാഗതം പറഞ്ഞു.