കൊയിലാണ്ടിയിൽ സുധ കിഴക്കെപ്പാട്ട് ചെയർപേഴ്സൺ, അഡ്വ. കെ. സത്യൻ വൈസ് ചെയർമാൻ


കൊയിലാണ്ടി: നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിലിനെയും, വൈസ് ചെയർമാനായി അഡ്വ.കെ.സത്യനെയും ഇന്നു ചേർന്ന എൽ.ഡി.എഫ് കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യോഗത്തിൽ പി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രൻ, കെ.സത്യൻ, ഇ.കെ.അജിത്ത്, അഡ്വ.സുനിൽ മോഹൻ, ഇ.എസ്.രാജൻ, സി.സത്യചന്ദ്രൻ, രാമകൃഷ്ണൻ മാസ്റ്റർ, പി.കെ.കബീർ സലാല, ടി.കെ.രാധാകൃഷ്ണൻ, എം.റഷീദ്, ഹുസൈൻ തങ്ങൾ, മുജീബ് പാലക്കൽ, പി.കെ.ഭരതൻ, പി.വി.സത്യനാഥൻ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മറ്റി കൺവിനർ എൽ.ജി.ലിജീഷ് സ്വാഗതം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ.എം ഏരിയ കമ്മറ്റി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു.

ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സുധ കിഴക്കെപ്പാട്ട് പതിനാലാം വാർഡിൽ നിന്നാണ് വിജയിച്ചത്. 2010 ലെ തിരഞ്ഞെടുപ്പിൽ ഇവർ നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഐഎം കൊയിലാണ്ടി സെന്ററൽ ലോക്കൽ കമ്മറ്റി അംഗവും, ഗേൾസ് ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറിയും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമാണ് സുധ കിഴക്കെപ്പാട്ട്. 2010 ൽ യുഡിഎഫിന് മേധാവിത്വമുള്ള സീറ്റിൽ നിന്ന് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പന്തലായനി സ്വദേശിയായ സുധ കിഴക്കേപ്പാട്ട് ആദ്യമായി നഗരസഭയിലെത്തിയത്. ഇത്തവണ പന്തലായനി സെൻട്രലിലെ പതിന്നാലാം വാർഡിൽ നിന്ന് ജനവിധി തേടി വിജയം കൈവരിച്ചു.

സുധ കിഴക്കേപ്പാട്ടിന്റെ ഭർത്താവ് ജയരാജൻ സ്വകാര്യ ആയുർവ്വേദ കമ്പനിയിൽ ജോലിചെയ്യുകയാണ്. മൂത്തമകൻ ആദർശ് മംഗലാപുരത്ത് എഞ്ചിനിയറാണ്. മകൾ അനശ്വര പി.ജി. വിദ്യാർത്ഥിയാണ്.

വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: കെ.സത്യൻ സിപിഎം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, ലോയേഴ്സ് യൂണിയൻ ജില്ല സെക്രട്ടറിയുമാണ്. പതിനഞ്ചാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ പതിനെട്ടാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ അഞ്ചു വർഷം നഗരസഭ ചെയർമാൻ ആയതിന്റെ അനുഭവ സമ്പത്തുമായാണ് കെ.സത്യൻ ഇത്തവണ ഭരണ സമിതിയിൽ എത്തുന്നത്. ഭാര്യ പി.സി.കവിത കുടുബശ്രീ ജില്ല കോർഡിനേറ്റർ ആണ്. മകൾ ജാൻവി സത്യൻ, മകൻ ജിനിത് ലാൽ എന്നിവർ വിദ്യാർത്ഥികളാണ്

ഡിസംബർ 28ന് കാലത്ത് 10 മണിക്ക് ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ട് ചുമതലയേൽക്കും, ഉച്ചയ്ക്ക് ശേഷം 2 മണിക്കാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും, സത്യപ്രതിജ്ഞയും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക