കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍ പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളം


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ കാടുമൂടിയ ഭാഗം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു. പകല്‍ സമയത്ത് പോലും മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവരുടെ താവളമായി ഈ പ്രദേശം മാറിയിരിക്കുകയാണ്. ഒഴിഞ്ഞ മദ്യ കൂപ്പികളും മയക്കു മരുന്ന് സിറിഞ്ചുകളും ഇവിടെ നിറഞ്ഞിരിക്കുകയാണ്.

കൊവിഡ് കാരണം ട്രെയിനുകള്‍ കുറവായതിനാല്‍ പൊതു ജനങ്ങള്‍ ഇതുവഴി സഞ്ചരിക്കാറില്ല. റെയില്‍വെയുടെ സ്ലീപ്പറുകള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. പ്രദേശം കാടുമൂടി കിടക്കുന്നതിനാല്‍ അതിന്റെ മറവില്‍ രാവിലെ മുതല്‍ രാത്രി വരെ നിരവധി യുവാക്കളാണ് എത്തുന്നത്.

കൊയിലാണ്ടി നഗര കേന്ദ്രത്തിനും ഫയര്‍ സ്റ്റേഷനും തൊട്ടടുത്തുള്ള ഈ ഭാഗത്തേക്ക് പോലീസ് തിരിഞ്ഞ് നോക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കാല്‍നട യാത്രക്കാരെ മര്‍ദ്ധിച്ചവശനാക്കി മൊബൈല്‍ ഫോണും പണവും കവര്‍ന്നിരുന്നു. യുവതി ഉള്‍പ്പെടെ മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന എന്‍.കെ.സന്തോഷിന്റെ പണമാണ് നഷ്ടപ്പെട്ടത്. രാത്രി ഒന്‍പത് മണിയോടെ ഒരു വിവാഹ വീട്ടിലേക്ക് പോകുകയായിരുന്ന സന്തോഷിനോട് ബൈക്കിലെത്തിയവര്‍ ബസ്സ്റ്റാന്റിലേക്കുളള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ നെഞ്ചത്ത് ഇടിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയായിരുന്നു. നിലത്തു വീണു സന്തോഷ് പിടഞ്ഞെഴുന്നേറ്റ് ബൈക്കിലുളളവരെ പിടികൂടാന്‍ ശ്രമിച്ചങ്കെിലും വീണ്ടും തളളിമാറ്റി
ബസ്സ്റ്റാന്റ് ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോകുകയായിരുന്നു.

വിവരമറിഞ്ഞു കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിസരമാകെ തിരഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് കൊയിലാണ്ടി സിൻഡിക്കേറ്റ് ബാങ്ക് എ.ടി.എം കൗണ്ടറിന് മുമ്പിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു പരിക്കേല്‍പ്പിച്ചു പണവുമായി മുങ്ങിയ സംഭവവും ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ഒരു യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പകലും രാത്രിയും ശക്തമായ പോലീസ് പെട്രോളിംഗ് ഈ മേഖലയില്‍ ആവശ്യമാണ്. അതോടൊപ്പം പ്രദേശത്തെ കാടുകള്‍ വെട്ടിത്തളിച്ച് വൃത്തിയാക്കാന്‍ റെയില്‍വെ അധീകൃതര്‍ തയ്യാറാവണം.