കൊല്ലം ചിറ കൂടുതൽ സുന്ദരമാവും


കൊയിലാണ്ടി: കൊല്ലം ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യവൽക്കരണ പ്രവൃത്തികൾക്കായി നാല് കോടി രൂപ ബജറ്റിൽ വകയിരുത്തി. വിശ്രമ കേന്ദ്രമായും, പ്രഭാത-സായാഹ്ന സവാരിക്കും ഗുണകരമായ രീതിയിലായിരിക്കും സൗന്ദര്യ വൽക്കരണ പ്രവൃത്തി നടക്കുക. പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പിനായിരിക്കും പ്രവൃത്തിയുടെ മേൽനോട്ടം.

പദ്ധതിയുടെ രൂപരേഖ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് തയ്യാറാക്കിയത്. നടപ്പാത, ഇരിപ്പിടങ്ങൾ, വയോജന പാർക്ക്, ഓപ്പൺ ജിംനേഷ്യം, കുളിപ്പുരകൾ ഉൾപ്പടെ മനോഹരമായാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ കൊയിലാണ്ടി നഗരത്തിൽ എത്തുന്നവർക്ക് ഒഴിവ് സമയങ്ങൾ ചെലവഴിക്കാനുള്ള ഒരു പ്രധാന കേന്ദ്രമായി കൊല്ലം ചിറമാറും.

രണ്ടു വർഷം മുമ്പാണ് സംസ്ഥാന കൃഷിവകുപ്പ് നബാർഡിന്റെ സഹായത്തോടെ സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ചിറയുടെ ഒന്നാം ഘട്ട നവീകരണ പ്രവൃത്തി നടത്തിയത്. ചിറയിലെ മണ്ണെടുത്ത് ആഴം കൂട്ടുന്നതിനും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിനുമായി മൂന്ന് കോടി രൂപയാണ് ചില വഴിച്ചത്.

ചിറ നവീകരണത്തിനു ശേഷം നൂറുകണക്കിനാളുകളാണ് ചിറയിൽ കുളിക്കാനും, നീന്തൽ പരിശീലിക്കാനും, വൈകുന്നേരങ്ങളിൽ സമയം ചിലവിടാനുമെല്ലാമായി ഇവിടെ എത്താറുള്ളത്. പ്രധാന ആരാധനാലയങ്ങളായ പിഷാരികാവ് ക്ഷേത്രത്തിന്റെയും, പാറപ്പള്ളിയുടെയും സമീപത്തായതിനാൽ അവിടെയെത്തുന്ന തീർത്ഥാടകരും കൊല്ലം ചിറയോരത്ത് വിശ്രമിക്കാൻ എത്താറുണ്ട്.

കണ്ണൂർ – കോഴിക്കോട് ദേശീയ പാതയോരത്തായി സ്ഥിതി ചെയ്യുന്ന കൊല്ലം ചിറ പതിനൊന്ന് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ്. പ്രദേശത്തെ പ്രധാന ജലസ്രോതസ്സു കൂടിയായ ചിറ, കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്.