കോഴിക്കോട് പുതിയറയിൽ ഹജ്ജ് സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു


കോഴിക്കോട്: കോഴിക്കോട് പുതിയറയിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കെട്ടിടത്തിൽ 2021ലെ ഹജ്ജ് അപേക്ഷകർക്കുള്ള സേവനകേന്ദ്രം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പത്ത് വർഷമായി ഹജ്ജിന്റെ പ്രവർത്തനത്തിന് അവസരം ലഭിക്കാതെ കിടക്കുകയായിരുന്നു ഈ കെട്ടിടം.

ഓൺലൈനായി ഹജ്ജ് അപേക്ഷ നൽകുന്ന ക്രമീകരണമാണ് ഇപ്പോൾ ആരംഭിച്ചത്. എന്നാൽ ഹജ്ജിന് തിരഞ്ഞെടുക്കപെടുന്നവരുടെ പാസ്പോർട്ട് ഏറ്റുവാങ്ങൽ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ വൈകാതെ ആരംഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഹാജിമാർക്ക് കോഴിക്കോട് ടൗണിൽ തന്നെ ഈ ക്രമീകരണങ്ങൾ തികച്ചും ഉപകാരപ്രദമാണ്.

പുതിയറയിലെ കെട്ടിടം കാടുപിടിച്ച് മലീമസമായി കിടക്കുകയായിരുന്നു. കെട്ടിടവും പരിസരവും വൃത്തിയാക്കിയിട്ടുണ്ട്. മുറ്റം ഇന്റർലോക്ക് ചെയ്യുന്നതിനും പുതിയ ബോർഡുകൾ സ്ഥാപിച്ച് ആകർഷകമാക്കാനും ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടന്ന് ചെയർമാൻ പറഞ്ഞു. കേരളത്തിലെ പ്രധാന ഹജ്ജ് എംബാർകേഷൻ പോയിന്റ് ആയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2021ലെ ഹജ്ജ് യാത്ര പുന:സ്ഥാപിക്കുന്നതിന്ന് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി ഡോ. കെ ടി ജലീൽ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ചെയർമാൻ അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്ര സർക്കാറിനോട്‌ ആവശ്യപ്പെട്ടു.

ഹജ്ജ് കമ്മിറ്റി അംഗം കാസിം കോയ ഹാജി പൊന്നാനി അധ്യക്ഷം വഹിച്ചു. ആദ്യ അപേക്ഷ ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി അരൂർ എറ്റുവാങ്ങി. ഹജ്ജ് കമ്മിറ്റി കോർഡിനേറ്റർ അഷ്റഫ് അരയൻകോട് സ്വാഗതം പറഞ്ഞു. ഐ ടി ഇൻചാർജ് അസ്സൈൻ, മാസ്റ്റർ ട്രൈനർ യു പി ഹമീദ് മാസ്റ്റർ, ജില്ലാ ട്രൈനർ ബാപ്പു ഹാജി, ബിച്ചു കോഴിക്കോട്, ആരിഫ് ഹാജി, മുൻ അസി.സെക്രട്ടറി ഇ എം അബ്ദുറഹിമാൻ പ്രസംഗിച്ചു. സേവന കേന്ദ്രം എല്ലാ ദിവസവും രാവിലെ 10 മുതൽ 1 മണിവരെ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846100552, 9847144843, 9847197589 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.