ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; തിരഞ്ഞെടുപ്പിന് മുമ്പുളള അവസാന സമ്മേളനത്തിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം


തിരുവനന്തപുരം: നിയമസഭയുടെ ബജറ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണരുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാസമ്മേളനത്തിൽ, പിണറായി സർക്കാരിന്റെ അവസാന ബജറ്റ് 15ന് അവതരിപ്പിക്കും. സ്‌പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്‌ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം സഭ ചർച്ചചെയ്യും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്‌പീക്കർക്കെതിരെ ഉയർന്ന ആരോപണങ്ങൾ, സ്‌പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ്‌
നൽകിയതും അനുബന്ധ വിവാദവും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. സ്‌പീക്കറെ ചോദ്യം ചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ നോട്ടീസ്‌ നൽകിയാൽ അത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കും. ഒരന്വേഷണത്തെയും തടസപ്പെടുത്തില്ലെന്നും തന്നെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ലെന്നുമാണ് സ്‌പീക്കറുടെ നിലപാട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വിജയം മുന്‍നിര്‍ത്തിയാവും ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുളള അവസാന സമ്മേളനം പ്രതിപക്ഷത്തിനും നിർണായകമാണ്. കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെയാണ് സഭാ സമ്മേളനം ചേരുന്നത്.

യു. ഡി. എഫിൽ നിന്നുളള ജോസ് കെ മാണി പക്ഷത്തിന്റെ കൊഴിഞ്ഞുപോക്ക് പ്രതിപക്ഷത്തിന് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. വിപ്പുലംഘനം സംബന്ധിച്ച ജോസഫ്, ജോസ് വിഭാഗങ്ങളുടെ തർക്കം സ്‌പീക്കറുടെ പരിഗണനയിലാണ്. ഇന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ കർഷക സമരത്തെക്കുറിച്ച് പരാമർശിക്കുമോ എന്നതും പ്രാധാന്യമർഹിക്കുന്നു.