ചെങ്കോട്ടയിലും കൊടി കെട്ടി കര്‍ഷകര്‍


ന്യൂഡല്‍ഹി: ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുകളില്‍ സമര പതാക കെട്ടി. അക്ഷരാര്‍ഥത്തില്‍ കര്‍ഷക കോട്ടയായി മാറി ചെങ്കോട്ട. എന്നാല്‍ കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തിയിരുന്നെങ്കിലും കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല.

ഡല്‍ഹി പോലീസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ മറികടന്നാണ് കര്‍ഷകര്‍ ചെങ്കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചത്. അതീവ സുരക്ഷ മേഖലയാണ് ചെങ്കോട്ട.

കര്‍ഷകര്‍ ചെങ്കോട്ടയ്ക്കുള്ളില്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ കാണാം

72ാം റിപ്പബ്ലിക് ദിനത്തില്‍ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. അവിടെയാണ് കര്‍ഷകര്‍ പ്രവേശിച്ച് ഇപ്പോള്‍ സമര പതാക ഉയര്‍ത്തിയിരിക്കുന്നത്. ചെങ്കോട്ടയ്ക്ക് മുകളില്‍ കയറിയ കര്‍ഷകര്‍ സമര പതാക വീശി. ചെങ്കോട്ടയില്‍ നിന്നും കര്‍ഷകരെ മാറുന്നതിനായി പോലീസ് നടപടികള്‍ ആരംഭിച്ചു. കര്‍ഷകരും പോലീസും തമ്മില്‍ ഇപ്പോഴും സംഘര്‍ ഷം തുടരുകയാണ്.

കര്‍ഷകരും പോലീസുമായി നടക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ റോഡില്‍ പ്രതിഷേധിക്കുന്നു. മൃതദേഹവുമായി കര്‍ഷകര്‍ ഐടിഒ ജംഗ്ഷനില്‍ എത്തി പ്രതിഷേധിക്കുകയാണ്.

ഇന്ത്യ ഗെയ്റ്റ്, ഐടിഒ ജംഗ്ഷന്‍ ഉള്‍പ്പെടെയുള്ള ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം കര്‍ഷകര്‍ കയ്യേറിയിരിക്കുകയാണ്. പോലീസിന്റെ എല്ലാ പ്രതിരോധങ്ങളെയും മറികടന്നാണ് കര്‍ഷകര്‍ മുന്നേറുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക