ചെങ്ങോട്ടുകാവില്‍ ഹൈടെക് കുടുംബാരോഗ്യ കേന്ദ്രം ഒരുങ്ങുന്നു; നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന്‌ കെ ദാസന്‍ എംഎല്‍എ


ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി കെട്ടിലും മട്ടിലും മാറുകയാണ്. രോഗീ സൗഹൃദപരമായാണ് ഹൈടെക്ക് കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്.

പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിത്തിന്റെ പ്രവൃത്തി നടക്കുന്നതെന്ന് കെ.ദാസന്‍ എം.എൽ.എ വ്യക്തമാക്കി. ഭാവിയില്‍ കൂടുതല്‍ വികസിപ്പിക്കാവുന്ന തരത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം കഴിഞ്ഞെന്നും തുടര്‍ പ്രവൃത്തികള്‍ വേഗത്തില്‍ തന്നെ നടത്തുമെന്നും ദാസൻ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം അവരാഗ്രഹിക്കുന്ന വികസന മുന്നേറ്റം സൃഷ്ടിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങോട്ടുകാവ് പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നതോടെ ചെങ്ങോട്ടുകാവിലെ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. ആശുപത്രിയുടെ പണി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൗകര്യമുള്ള മാതൃകാ ആശുപത്രിയായി ഇത് മാറുമെന്നും വികസനത്തിന്റെ പുതുവഴിയില്‍ നമ്മുടെ ആരോഗ്യ മേഖലയും മുന്നേറുകയാണെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദ പരിചരണം സാധ്യമാക്കി മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആര്‍ദ്രം മിഷന്‍ ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിലെ തെരഞ്ഞെടുത്ത പ്രാമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. പ്രാഥമിക തലത്തില്‍ തന്നെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. പ്രാമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒ.പി. സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായി മാറും. ഓരോ കേന്ദ്രത്തിലും നിശ്ചയിച്ചിട്ടുള്ള ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരെ നിയമിക്കുകയും ചെയ്യും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക