ചെങ്ങോട്ട്കാവിൽ ഷീബ മലയിൽ


ചെങ്ങോട്ട്കാവ് : ഇത്തവണ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്ത ചെങ്ങോട്ട്കാവിൽ ഷീബ മലയിലിനെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. എട്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപെട്ട ഷീബ മുൻപ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എടക്കുളം ഡിവിഷനിൽ നിന്നും മെമ്പറായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. സി പി ഐ എം പൊയിൽകാവ് ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ ചെങ്ങോട്ട്കാവ് പഞ്ചായത്ത് സെക്രട്ടറിയുമാണ് ശ്രീമതി ഷിബ.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നാലാം വാർഡിൽ നിന്നും വിജയിച്ച പി.വേണു മാസ്റ്റർ പരിഗണിക്കപ്പെടാനാണ് സാധ്യത. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവും, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും, കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമാണ് വേണു മാസ്റ്റർ.

യു ഡി എഫ് ഭരിച്ച ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൽ ഡി എഫ് ഭരണത്തിലെത്തിയത്. ആകെയുള്ള പതിനേഴ് സീറ്റില്‍ ഒന്‍പതിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫിന് ആറ് സീറ്റാണ് ലഭിച്ചത്. ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചടക്കും എന്ന് പ്രഖ്യാപിച്ച് വന്‍ പ്രചാരണം നടത്തിയ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ മൂന്ന് സീറ്റുണ്ടായിരുന്ന എന്‍ഡിഎ മുന്നണിയ്ക്ക് ഇത്തവണ രണ്ട് സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളു.

യു ഡി എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൂമുള്ളി കരുണന്റെ മൂന്നാം വാര്‍ഡും പതിനേഴാം വാര്‍ഡുമാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച ഏഴ്, ഒന്‍പത് വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പിടിച്ചെടുത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അഞ്ചാം വാര്‍ഡില്‍ ബിജെപി വിജയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക