ചെങ്ങോട്ട്കാവ് – നന്തി ബൈപ്പാസ്; മാർച്ച് പത്തിനകം മുഴുവൻ ഭൂമിയും ഏറ്റെടുക്കും, രണ്ടര വർഷം കൊണ്ട് പണി പൂർത്തീകരിക്കും


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് ഉള്‍പ്പെടുന്ന വെങ്ങളം – അഴിയൂര്‍ ദേശീയ പാതയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള തുകയില്‍ 75 ശതമാനം ജില്ലയില്‍ എത്തി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഹിതം ചേര്‍ത്തുകൊണ്ടുള്ള തുക കണക്കാക്കി ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെയുള്ള 11.860കിലോ മീറ്ററിലെ സ്ഥലമുടമകള്‍ക്ക് നല്‍കും.

സ്ഥലങ്ങള്‍ കൂടാതെ വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന അഞ്ഞൂറിനടുത്ത് ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 3ജി നോട്ടിഫിക്കേഷന്‍ ഇറക്കിയ തിയ്യതി മുതല്‍ കണക്കാക്കിയാണ് തുക നിര്‍ണ്ണയിക്കുന്നത്. വസ്തുവിന്റെ ആധാരം, അടിയാധാരം, നികുതി റസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ബാങ്ക് പാസ് ബുക്ക് അടക്കമുള്ള രേഖകള്‍ ഉടമസ്ഥര്‍ ഉടന്‍ ദേശീയപാത അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള തഹസില്‍ദാരുടെ കൊയിലാണ്ടി ഓഫീസില്‍ എത്തിക്കേണ്ടതുണ്ട്.

ഇതിന്റെ ഭാഗമായി ഉടമസ്ഥര്‍ക്ക് നല്‍കാനുള്ള നോട്ടീസ് ഏതാണ്ട് തയ്യാറായി കഴിഞ്ഞു. മാര്‍ച്ച് 10 നുള്ളില്‍ മുഴുവന്‍ സ്ഥലവും സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യണമെന്നാണ് ഉത്തരവ്. കലക്ടറാണ് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ആര്‍ബിട്രേറ്റര്‍.

നേരത്തെ വെങ്ങളം മുതല്‍ അഴിയൂര്‍ വരെ ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുന്നതിനുള്ള കരാര്‍ അദാനി എന്റര്‍പ്രൈസസിന് ലഭിച്ചിരുന്നു. രണ്ടര വര്‍ഷം കൊണ്ട പ്രവൃത്തി പൂര്‍ത്തികരിക്കുമെന്നാണ് അദാനി കമ്പനി കരാര്‍ ഏറ്റെടുത്ത ശേഷം പറഞ്ഞത്. ഇതിനാവശ്യമായ നടപടികള്‍ കമ്പനി ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക