ജൈവവൈവിധ്യത്തിന്റെ കലവറയായ മീറോട് മല സംരക്ഷിക്കുക: പരിസ്ഥിതി- സാസ്‌ക്കാരിക പ്രവര്‍ത്തകര്‍


മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍ ,മേപ്പയ്യൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലെ നരക്കോട്, കീഴരിയൂര്‍, കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമാണ് മീറോട് മല. ചെങ്കല്‍ ഖനനലോബിയില്‍ നിന്നും മീറോട് മലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി- സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്.
ഈ പ്രദേശങ്ങളിലെ ജനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്നതാണ് മീറോട് മല. കുടിവെള്ളം, കൃഷി, കഴിക്കാനുള്ള ഭക്ഷണം, ശ്വസിക്കാനുള്ള ശുദ്ധവായു തുടങ്ങിയവയെല്ലാം മലയുമായി ബന്ധപ്പെട്ടിരുക്കുന്നതിനാല്‍ മലയിലുണ്ടാകുന്ന ഏതൊരു മാറ്റവും താഴ്‌വരയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത 140 ഏക്കറും അതിലും കൂടുതലായുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയും ചേര്‍ന്നതാണ് മീറോട് മല. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ സിംഹഭാഗവും ഭൂമിയില്ലാത്തവര്‍ക്കായി പതിച്ചു നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വലിയകളരി ഉള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശം മലയുടെ ഏറ്റവും മുകളിലായി റവന്യൂ വകുപ്പിന്റെ കൈവശമായുണ്ട്. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ഭവന രഹിതര്‍ക്കായി സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ കുടിവെള്ളലഭ്യതയുടെ അഭാവം കൊണ്ടും കുന്നിനു മുകളില്‍ വാഹന സൗകര്യമില്ലാത്തതിനാലും ഭൂമി ലഭിച്ച ആര്‍ക്കും തന്നെ അവിടെ വീട് വെക്കാന്‍ കഴിഞ്ഞില്ല. ഭൂമി ലഭിച്ചവര്‍ക്ക് അവരുടെ ഭൂമിയുടെ കൃത്യമായ അതിരുകളും അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും സര്‍ക്കാര്‍ ഭൂമി വേര്‍തിരിച്ചടയാളപ്പെടുത്തുകയും വേണമെന്ന ആവശ്യം കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്.

ഭൂമി ലഭിച്ച ആളുകളില്‍ നിന്നും ചെങ്കല്‍ ഖനനലോബി ഭൂമി വിലയ്ക്ക് വാങ്ങുകയും ചെയ്്തിട്ടുണ്ട്. വാങ്ങിയ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ചേര്‍ത്ത് ഖനനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി അപകടകരമായ രീതിയിലാണ് മീറോട് മലയില്‍ ഖനനം നടത്തുന്നത്. ഈ രീതിയില്‍ ഖനനം തുടര്‍ന്നാല്‍ കുന്നിന്റെ താഴ്‌വരയിലുള്ള പ്രദേശങ്ങള്‍ ദുരന്തഭൂമിയായി മാറാന്‍ അധികം താമസമുണ്ടാകില്ല.

ഒരിക്കലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന ചമ്പഭാഗത്തെ ചോലയില്‍പ്രദേശം വരണ്ടുണങ്ങുന്ന സ്ഥിതിയാണ് ഇപ്പോള്‍. കണിയാണ്ടി കൊല്ലി ഭാഗവും മഴ കഴിയുന്നതോടെ വരണ്ടുണങ്ങുന്നു. ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഓരോ വര്‍ഷം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഖനനഫലമായി മലയുടെ മുകളില്‍ രൂപീകൃതമായ വന്‍ കുഴികളും കുഴിയില്‍ നിന്നും സമിപസ്ഥലങ്ങളിലേക്ക് മാറ്റിയിട്ട മണ്ണിന്റെ വന്‍ കൂനകളും മഴക്കാലത്ത് താഴ്‌വരയ്ക്ക് വന്‍ ഭീഷണിയാകുന്നു. ഏത് സമയവും ഭീകരമായ ഒരു ഉരുള്‍പൊട്ടലിന്റെ വക്കിലാണ് മിറോട് മല ഇന്ന്.

പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ജാതി-മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി മാസങ്ങളായി സമരത്തിലാണ്. എന്നാല്‍ പണവും സ്വാധീനവുമുപയോഗിച്ച് ഖനനം നിര്‍ബാധം തുടരുന്നതിനുള്ള പരിശ്രമത്തിലാണ് ഖനന മാഫിയ. ഭീഷണിയും കായികമായ അക്രമണങ്ങളും അഴിച്ചുവിടുകയാണ്.പൊലീസ് കേസുകളും കൂലിത്തല്ലു കാരുടെ ഭീഷണികളും ഒറ്റക്കെട്ടായി നേരിട്ടു കൊണ്ടാണ് മീറോട് മല സംരക്ഷിക്കുന്നതിനായുള്ള സമരം മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കാനും സമരത്തെ ഭിന്നിപ്പിക്കാനുമുള്ള ഖനന മാഫിയയുടെ പരിശ്രമത്തെ എതിര്‍ത്ത് പരാജയപ്പെടുത്തിയേ മതിയാവൂ.

അമൂല്യ ഔഷധ സസ്യങ്ങള്‍, അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, മയിലും പെരുമ്പാമ്പുമടക്കമുള്ള വിവിധയിനം പക്ഷിമൃഗാദികള്‍ തുടങ്ങിയവയാല്‍ സമൃദ്ധമായ മീറോട് മല ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയാണ്. നമ്മുടെ അതിജീവനത്തിനും ഭാവി തലമുറയുടെ നിലനില്‍പ്പിനുമായി മീറോട് മല സംരക്ഷിക്കപ്പെടേണ്ടത് ജീവിവര്‍ഗ്ഗങ്ങളുടെ മുഴുവന്‍ ആവശ്യമാണ്. മീറോട് മലയില്‍ നടക്കുന്ന എല്ലാവിധ ഖനനപ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് പരിസ്ഥിതി- സാസ്‌ക്കാരിക പ്രവര്‍ത്തകരുടെ ആവശ്യം.

കല്‍പ്പറ്റ നാരായണന്‍, ടി.പി.രാജീവന്‍, പ്രൊഫ: സി പി അബൂബക്കര്‍, പ്രൊഫ: വീരാന്‍ കുട്ടി,കെ.അജിത, ഡോ.ഖദീജ മുംതാസ്, ചലച്ചിത്ര സംവിധായകന്‍ മനോജ് കാന, പ്രകാശ് ബാരെ, സി.ആര്‍.നീലകണ്ഠന്‍, പ്രൊഫ: കുസുമം ജോസഫ്, പി.ജെ.ബേബി തുടങ്ങിയ നിരവധി പേര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിച്ചുണ്ട്.

 

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..

https://chat.whatsapp.com/J0QR3Wo1v4VGhnE5plcCek