ഊട്ടിക്ക് സമീപം കാട്ടാനയെ തീകൊളുത്തി കൊന്നു; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


ഗൂഡല്ലൂര്‍: ഊട്ടിക്ക് സമീപം മസിനഗുഡിക്കടുത്ത് ശിങ്കാരയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ തീ കൊളുത്തി കൊന്നു. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ തുണിയില്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി എറിയുകയായിരുന്നു. തുണി ആനയുടെ ചെവിയില്‍ കുടുങ്ങിയതോടെ തലയിലേക്ക് തീ പടിച്ചു. തലയില്‍ തീ പടര്‍ന്ന ആന കരഞ്ഞുകൊണ്ട് കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് ജീവനക്കാരായ പ്രസാദ് സുകുമാരന്‍, റൈമന്‍ഡ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. റിക്കി റായന്‍ എന്നയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

 

ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തുടരുകയായിരുന്നു. തീര്‍ത്തും അവശനായ നിലയില്‍ ആനയെ ജനുവരി 19 ന് ആണ് വനപാലകര്‍ കണ്ടത്. മറ്റൊരിടത്തേയ്ക്ക് മാറ്റി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന ചരിഞ്ഞു. ആനയുടെ മുതുകില്‍ നേരത്തേയുള്ള പരിക്കും സ്ഥിതി വഷളാക്കിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പ്രതികളെയും വനം വകുപ്പ് കണ്ടെത്തി. റിസോര്‍ട്ട് ജീവനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാനയെ ആക്രമിച്ചതില്‍ പ്രദേശവാസികളായ കൂടുതല്‍ പേരുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, നീലഗിരി എന്നീ ജില്ലകളിലായി 21 ആനകളാണ് ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞത്.

 

 

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക