തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു


പാലക്കാട്: പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 57 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.

തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മുന്‍നിര ഉത്സവങ്ങളില്‍ വര്‍ഷങ്ങളോളം മംഗലാംകുന്ന് കര്‍ണന്‍ പങ്കെടുത്തിട്ടുണ്ട്. എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുംവരെ പ്രൗഢമായ നില്‍പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ക്കൊപ്പം നില്‍ക്കുമ്പോഴും ഇതാണ് കര്‍ണനെ വ്യത്യസ്തനാക്കുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്.

കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലയെടുപ്പു മത്സര വേദികളിലും നിരവധി തവണ മംഗലാംകുന്ന് കര്‍ണന്‍ വിജയിയായിരുന്നു. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മത്സരത്തില്‍ തുടര്‍ച്ചയായി 9 വര്‍ഷം കര്‍ണനായിരുന്നു വിജയിയിച്ചിരുന്നത്.

1963ല്‍ ബിഹാറിലായിരുന്നു കര്‍ണ്ണന്റെ ജനനം. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍. 1989ല്‍ നാനു എഴുത്തച്ഛന്‍ ഗ്രൂപ്പാണ് ബിഹാറിലെ ചാപ്രയില്‍ നിന്ന് കര്‍ണനെ സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കര്‍ണനെ വാങ്ങുന്നത്. സഹോദരങ്ങളായ മംഗലാംകുന്ന് പരമേശ്വരന്‍, ഹരിദാസ് എന്നിവരുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണു കര്‍ണന്‍. ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന് വമ്പന്‍മാരാണ് തറവാട്ടിലെ ഏറ്റവം പ്രശസ്തര്‍. മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്നു കര്‍ണന്‍. ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്‍ണന്‍ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു.

മലയാള സിനിമയിലും അങ്ങ് ബോളിവുഡിലും മംഗലാംകുന്ന് കര്‍ണന്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്നം സംവിധാനം ചെയ്ത ദില്‍സെയിലും കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലും കര്‍ണന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായിട്ടുണ്ട്. സിനിമ താരങ്ങളുടേതു പോലെ സംസ്ഥാനത്തു ഫാന്‍സ് അസോസിയേഷനും കര്‍ണനുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക