പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജിന് സാധ്യത


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മുന്നണി ചർച്ചകൾ പുരോഗമിക്കുമ്പോൾ പി. ബാബുരാജിനാണ് സാധ്യത. വെങ്ങളം ഡിവിഷനിൽ നിന്ന് വിജയിച്ച ബാബുരാജ് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, കെ.എസ്.കെ.ടി.യു ജില്ല ജോയിന്റ് സെക്രട്ടറിയുമാണ്. വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയാണ്.

പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മറ്റൊരു പേര് കെ. ജീവാനന്ദൻ മാസ്റ്ററുടെതാണ്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് പദവികൾ വഹിച്ച ജീവനന്ദൻ സി.പി.ഐ.എം പയ്യോളി ഏരിയ കമ്മറ്റി അംഗമാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനം സി.പി.ഐക്ക് അനുവദിക്കാനാണ് സാധ്യത. മൂടാടി ഡിവിഷനിൽ നിന്നും വിജയിച്ച ചൈത്ര വിജയൻ വൈസ് പ്രസിഡണ്ടാവും. എ.ഐ.എസ്.എഫ് ജില്ല ഭാരവാഹിയായ ചൈത്രക്ക് മികച്ച എൻ.എസ്.എസ് വളണ്ടിയർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 22 വയസ്സുള്ള ചൈത്ര ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധികളിൽ ഒരാളാണ്.

എൽ.ജെ.ഡിയും വൈസ് പ്രസിഡണ്ട് സ്ഥാനത്തിനായി അവകാശമുന്നയിച്ചിട്ടുണ്ട്. തിരുവങ്ങൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ഷീബ ശ്രീധരനാണ് എങ്കിൽ സാധ്യത.

വൈസ് പ്രസിഡണ്ട് സ്ഥാനം സി.പി.ഐ.എം തന്നെ എടുക്കുകയാണെങ്കിൽ അത്തോളി മൊടക്കല്ലൂർ ഡിവിഷനിൽ നിന്നും വിജയിച്ച ബിന്ദു മഠത്തിൽ വൈസ് പ്രസിഡണ്ടാവും. ഇവർ നേരത്തെ അത്തോളി ഗ്രാമപഞ്ചായത്ത് മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ 11 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് ഭരണ തുടർച നേടിയത്. ഇതിൽ എട്ട് സീറ്റുകൾ സി.പി.ഐ.എം നേടിയപ്പോൾ സി.പി.ഐ, എൽ.ജെ.ഡി, എൻ.സി.പി എന്നീ കക്ഷികൾ ഓരോ സീറ്റിൽ വിജയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക