പന്തലായനി ബ്ലോക്ക് പ്രസിഡണ്ടായി പി.ബാബുരാജും, മേലടി ബ്ലോക്ക് പ്രസിഡണ്ടായി കെ.പി.ഗോപാലൻ നായരും ചുമതയേറ്റെടുത്തു


കൊയിലാണ്ടി: പന്തലായനി, മേലടി ബ്ലോക്ക് പ്രസിഡണ്ടുമാരായി പി.ബാബുരാജും, കെ.പി.ഗോപാലൻ നായരും ചുമതയേറ്റെടുത്തു. ഇന്ന് കാലത്ത് 10 മണിക്കായിരുന്നു പ്രസിഡണ്ട് തിരഞ്ഞെടുപ്പും, ചുമതല ഏറ്റെടുക്കലും. ഉച്ചയ്ക്ക് 2 മണിക്ക് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പും നടന്നു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ചുമതല ഏറ്റെടുത്ത പി.ബാബുരാജ് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, കെ.എസ്.കെ.ടി.യു ജില്ല ജോയിന്റ് സെക്രട്ടറിയുമാണ്. വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയായ ബാബുരാജ് വെങ്ങളം ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നടന്ന പ്രസിഡണ്ട് പ്രതിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്നും ആരും മത്സര രംഗത്തില്ലാതിരുന്നതിനാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപെട്ടത്. ഭാര്യ ചന്ദ്രിക സി.പി.ഐ.എം വെങ്ങളം ലോക്കൽ കമ്മറ്റി അംഗമാണ്. മകൻ ബി.പി.ബബീഷ് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയാണ്. മറ്റൊരു മകൻ ബിബീഷ് ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മറ്റി അംഗമാണ്.

വൈസ് പ്രസിഡണ്ടായി ബിന്ദു മഠത്തിലിനെയാണ് തിരഞ്ഞെടുത്തത്. അത്തോളി മൊടക്കല്ലൂർ ഡിവിഷനിൽ നിന്നും സി.പി.ഐ.എം പ്രതിനിധിയായാണ് ബിന്ദു വിജയിച്ചത്. ഇവർ നേരത്തെ അത്തോളി ഗ്രാമപഞ്ചായത്ത് മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ 11 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് ഭരണ തുടർച നേടിയത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കെ.പി.ഗോപാലൻ നായരെയാണ് തിരഞ്ഞെടുത്തത്. ഇന്ന് കാലത്ത് 10 മണിക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫി ൽ നിന്ന് മത്സരിച്ച രാജീവൻ കടലൂരിനെ 4 നെതിരെ 8 വോട്ടുകൾ നേടിയാണ് ഗോപാലൻ നായർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഒര് എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. കീഴരിയൂർ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. സിപിഐഎം നമ്പ്രത്തുകര ലോക്കൽ കമ്മറ്റി അംഗവും, കർഷകസംഘം നമ്പ്രത്തുകര മേഖല പ്രസിഡണ്ടുമാണ്. കഴിഞ്ഞ അഞ്ച് വർഷം കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്.

ഭാര്യ ആർ.കെ.സരോജിനി റിട്ടയേഡ് നഴ്സിംഗ് സൂപ്രണ്ടാണ്. മക്കൾ ഡോ.സജിത്ത്, ഡോ.ശ്രീജിത്ത്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.പ്രസന്നയെയാണ് തിരഞ്ഞെടുത്തത്. യു.ഡി.എഫിൽ നിന്ന് മത്സരിച്ച റംലയെ 4 നെതിരെ 9 വോട്ട് നേടിയാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല എക്സിക്യുട്ടീവ് അംഗവുമാണ്. കൊഴക്കല്ലൂർ ഡിവിഷനിൽ നിന്നാണ് പ്രസന്ന വിജയിച്ചത്.

മേലടി ബ്ലോക്കിൽ ആകെയുള്ള 13 സീറ്റിൽ 9 ഉം നേടിയാണ് എൽ ഡി എഫ് ഭരണം നിലനിർത്തിയത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക