പാളത്തില്‍ ബിയര്‍കുപ്പികള്‍ കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേന അന്വേഷണം ശക്തമാക്കി


കൊയിലാണ്ടി: പാളത്തില്‍ ബിയര്‍കുപ്പികള്‍ അടുക്കിവെച്ച് സ്‌ഫോടനം നടത്തിയ സംഭവത്തെകുറിച്ച് പാലക്കാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അന്വേഷണം ശക്തമാക്കി. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും കൊല്ലത്തിനുമിടയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് എട്ട് ബിയര്‍കുപ്പികള്‍ പാളത്തില്‍ ചേര്‍ത്തുവെച്ചനിലയില്‍ കണ്ടത്.

മാവേലി എക്സ്പ്രസ് കടന്നു പോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ആര്‍.പി.എഫിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ ട്രാക്കില്‍ നിന്നും ബിയര്‍ കുപ്പികള്‍ കണ്ടൈത്തിയത്. നാല് ബിയര്‍ കുപ്പികള്‍ പൊട്ടിയ നിലയിലായിരുന്നു.

റെയില്‍വേ ആക്ടിലെ 153 വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തീവണ്ടിയാത്രികരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുംവിധത്തില്‍ അട്ടിമറി ശ്രമം നടത്തിയതിനാണ് കേസ്. പ്രതികളെ കണ്ടെത്തിയാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുക. അഞ്ചുവര്‍ഷം വരെ കഠിനതടവ് വിധിക്കാവുന്ന കുറ്റമാണിതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക