പത്താം ക്ലാസിന് ഇന്ന് ലാസ്റ്റ് ബെൽ; ‘ഫസ്റ്റ് ബെൽ’ ക്ലാസുകൾ ഇന്ന് പൂർത്തിയാവും


തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ ആരംഭിച്ച ഡിജിറ്റല്‍ ക്ലാസുകളില്‍ ആദ്യം പൂര്‍ത്തിയാകുന്നത് പത്താം ക്ലാസ്. ജൂണ്‍ ഒന്ന് മുതലാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ‘ഫസ്റ്റ്‌ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ‘ഫസ്റ്റ്‌ബെല്‍’ എന്ന ഡിജിറ്റല്‍ ഫ്ലാറ്റ് ഫോമിലൂടെ ക്ലാസുകള്‍ നല്‍കിയത്.

പത്താം ക്ലാസിലെ ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം 17 ന് പൂര്‍ത്തിയാകും. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള പത്തിലെ മുഴുവന്‍ ക്ലാസുകളുടെയും സംപ്രേഷണമാണ് ഇന്ന് അവസാനിക്കുക. ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കി.

പൊതു പരീക്ഷയ്ക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളില്‍ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പത്താം ക്ലാസ് റിവിഷന്‍ ക്ലാസുകള്‍ ഫെബ്രുവരി മുതല്‍ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം നടത്തുമെന്ന് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതിനു പുറമേ പൊതു പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ചും സമയദൈര്‍ഘ്യം നല്‍കിയും കുട്ടികള്‍ക്ക് വീണ്ടും എളുപ്പത്തില്‍ കാണുന്നതിനായി ഇന്നു മുതല്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി.

ഇന്നത്തെ 6 ക്ലാസുകള്‍ ഉള്‍പ്പെടെ ജനറല്‍, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റല്‍ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ് ബെല്ലിന്റെ ഭാഗമായി തയാറാക്കിയത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക