മയക്ക്മരുന്ന്, കഞ്ചാവ്, മദ്യം; കൊയിലാണ്ടി നഗരമധ്യത്തിൽ ഒരു ‘അധോലോകം’


കൊയിലാണ്ടി: റെയില്‍വേ മേല്‍പ്പാലത്തിനോടനുബന്ധിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പോകാന്‍ നിര്‍മ്മിച്ച കോണിപ്പടികള്‍ ലഹരി മാഫിയയുടെ വിഹാര കേന്ദ്രമാകുന്നു. മയക്കുമരുന്നും കഞ്ചാവും മദ്യവും കൈമാറുന്ന സുരക്ഷിത താവളമായി നഗര ഹൃദയത്തിലെ ഈ ഭാഗം മാറുകയാണ്. കോണിപ്പടികള്‍ നിറയെ മയക്കുമരുന്നു കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ചുകളും, എറിഞ്ഞുടച്ച മദ്യകുപ്പികളുമാണ്.

പാലത്തിനടിയില്‍ നേരം പുലരുമ്പോഴേക്കും ലഹരി വസ്ത്തുക്കള്‍ കൈമാറാന്‍ പാത്തും പതുങ്ങിയും ഏജന്റുമാരെത്തും. ഇവരെ തേടി കൗമാര പ്രായക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയെത്തുന്നു. ഇരകളിലെറെയും വിദ്യാര്‍ത്ഥികള്‍. ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കാതെ പോലീസും എക്‌സൈസും നിഷ്‌ക്രിയത്വം കാട്ടുമ്പോള്‍ ലഹരി മാഫിയ ആരും ചോദ്യം ചെയ്യാതെ വിലസുന്നു.

കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിലേക്ക് യാത്രക്കാര്‍ക്ക് കയറാന്‍ നിര്‍മ്മിച്ച കോണിപ്പടികള്‍ ലഹരി മാഫിയ ഇപ്പോള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. രാവും പകലും നോക്കാതെ എപ്പോഴും ഈ കോണിപ്പടിക്ക് ചുറ്റും ലഹരിയുടെ ഏജന്റുമാര്‍ ചുറ്റിക്കറങ്ങും. മനസ്സുവെച്ചാല്‍ ഒറ്റ ദിവസം കൊണ്ട് ഇവരെയെല്ലാം ആട്ടിയോടിച്ച് പോലീസിന് ഇവിടം ശുദ്ധീകരിക്കാം. എന്നാല്‍ വഴിപാടായി നടത്തുന്ന പരിശോധനകളും റെയ്ഡുകളും ഒന്നിനും പരിഹാരമാവുന്നില്ലെന്ന് മാത്രം.

മേല്‍പ്പാലത്തിനു മുകളിലൂടെ യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ നടപ്പാതയില്ലാത്തതിനാല്‍ പാലത്തിന് അടിയിലൂടെ റെയില്‍പാത മുറിച്ചു കടന്നാണ് എല്ലാവരും യാത്ര ചെയ്യുന്നത്. മേല്‍പ്പാലത്തില്‍ റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്ന ഭാഗത്തു മാത്രമാണ് നടപ്പാതയുളളത്. അവിടുത്തേക്ക് വളഞ്ഞ് തിരിഞ്ഞ് അശാസ്ത്രീയമായി നിര്‍മ്മിച്ച കോണിപ്പടി കയറി വേണം പോകാന്‍. എന്നാല്‍ ഓരോ കോണിപ്പടിയിലും ലഹരി ഉപയോഗിക്കുന്നവര്‍ താവളമാക്കുന്നതിനാല്‍ യാത്രക്കാര്‍ ആരും കോണിപ്പടി കയറിയിറങ്ങി യാത്ര ചെയ്യാറില്ല.

സന്ധ്യമയങ്ങിയാല്‍ ഇതു വഴി ആള്‍ സഞ്ചാരവും കുറയും. ഇതോടെ പല ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് മയക്കു മരുന്ന് വില്‍പ്പനക്കാര്‍ ഇവിടെയെത്തും.
കോണിപ്പടികള്‍ വളഞ്ഞ് തിരിഞ്ഞ് നിര്‍മ്മിച്ചതിന് പകരം നേരെ നിര്‍മ്മിച്ചാല്‍ യാത്ര കൂടുതല്‍ സുരക്ഷിത മാകുമായിരുന്നു. എന്നാല്‍ അശാസ്ത്രിയമായ നിര്‍മ്മാണമാണ് വിനയായത്. മാത്രവുമല്ല ഈ ഭാഗത്ത് തെരുവു വിളക്കുകളും പ്രകാശിക്കുന്നില്ല.

പാലത്തിനടിയില്‍ പൊന്തക്കാടുകളും വളര്‍ന്ന് നില്‍ക്കുന്നു. പോലീസ് അതി ശക്തമായ നടപടിയെടുത്താല്‍ മാത്രമേ ലഹരി വില്‍പ്പനക്കാരെ തുരത്താന്‍ കഴിയുകയുളളു. തൊട്ടടുത്തുളള ആളൊഴിഞ്ഞ വീടും ലഹരി വില്‍പ്പനക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

റെയില്‍വേ ലൈന്‍, മേല്‍പ്പാലത്തിന്റെ അടി ഭാഗം എന്നിവിടങ്ങളില്‍ ലഹരി വസ്ത്തുക്കളുടെ വില്‍പ്പനയും ഉപയോഗവും കൂടി വരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അതി ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു പറഞ്ഞു.