മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിനെ നയിക്കാൻ കെ.ടി രാജൻ


മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിൽ തിളക്കമാർന്ന വിജയമാണ് ഇക്കുറിയും ഇടതുപക്ഷം നേടിയത്. കഴിഞ്ഞ ഭരണ സമിതിയിൽ വൈസ് പ്രസിഡണ്ടായ കെ ടി രാജനാണ് ഇത്തവണ പ്രസിഡണ്ടാവുക. വാർഡ് 15 ൽ നിന്ന് വിജയിച്ച രാജൻ സിപിഎമ്മിന്റെ പേരാമ്പ്ര ഏരിയാക്കമ്മറ്റി അംഗമാണ്. നേരത്തെ മേപ്പയ്യൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ചുമതല വഹിച്ചിട്ടുണ്ട്.

പതിമൂന്നാം വാർഡിൽ നിന്ന് വിജയിച്ച എം.പി ശോഭയെ വൈസ് പ്രസിഡണ്ടായി പരിഗണിക്കുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ ശോഭ മേപ്പയ്യൂർ സിപിഎമ്മിന്റെ സൗത്ത് ലോക്കൽ കമ്മറ്റി അംഗവുമാണ്. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി എൽ.ജെ.ഡി അവകാശവാദം ഉന്നയിക്കുന്നു. ഒൻപതാം വാർഡിൽ വിജയിച്ച മിനി അശോകനെ പരിഗണിക്കണം എന്ന് മുന്നണി നേതൃത്വത്തോട് എൽ.ജെഡി ആവശ്യപ്പെട്ടു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ 17 അംഗ ഭരണ സമിതിയില്‍ 13 സീറ്റുമായാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഇത്തവണ യുഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് കൂടി പിടിച്ചെടുത്ത് അംഗസംഖ്യ 14 ആയി വര്‍ദ്ധിപ്പിച്ചു. മൂന്ന് വാര്‍ഡുകളില്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളു.

യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന പതിനേഴാം വാര്‍ഡാണ് ഇടതു സ്ഥാനാര്‍ത്ഥി എല്‍ജെഡിയിലെ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ പിടിച്ചെടുത്തത്. പഞ്ചായത്തില്‍ ഒരു മുന്നേറ്റവും നടത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ല. എല്‍ജെഡിയുടെ മുന്നണിയിലേക്കുള്ള വരവ് എല്‍ഡിഎഫിന് ഗുണമായിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക