മേയർ ആര്യയ‌്ക്ക് ഗൺമാനെ ഏർപ്പാടാക്കി, സിപിഎം നൽകിയ സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ


തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് ഗൺമാന്റെ സേവനം ഏർപ്പാടാക്കി. അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവഹിക്കേണ്ടതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പൊലീസ് ഗൺമാന്റെ സേവനം നൽകുന്നത്. ഈ ആഴ്‌ച തന്നെ ഗൺമാന്റെ സേവനം ലഭ്യമാകുമെന്നാണ് സൂചന. മുൻപുള്ള വനിതാമേയർമാർക്ക് നൽകാതിരുന്ന സൗകര്യമാണ് ഇപ്പോൾ ആര്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം, പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന കർശന നിർദേശമാണ് പാർട്ടി മേയർക്ക് നൽകിയിരിക്കുന്നത്. ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. ഔദ്യോഗിക കാര്യങ്ങളിൽ മറ്റുള്ളവർ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ സ്വകാര്യ ചടങ്ങളുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കിൽ തന്നെ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വങ്ങണമെന്നുമാണ് മേയർക്ക് സിപിഎമ്മിന്റെ നിർദേശം