‘സി.എം രവീന്ദ്രൻറെ ആശുപത്രിവാസം ദുരൂഹം, എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണം’; സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് ചെന്നിത്തല


മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രവീന്ദ്രൻറെ ആശുപത്രിവാസം ദുരൂഹമാണെന്നും എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. നോട്ടീസ് നല്‍കുമ്പോഴെല്ലാം രവീന്ദ്രന്‍ ആശുപത്രിയില്‍ പോകുകയാണ്. രവീന്ദ്രന് സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. അദ്ദേഹത്തിന് ജീവനു പോലും ഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും കൂട്ടിവായിച്ചാല്‍ സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്ന് വ്യക്തമാണ്. സ്വപ്‌നയ്ക്ക് ഭിഷണി ലഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന് പങ്കുണ്ടോയെന്ന് സംശയിക്കണം. അതുപോലെ തന്നെ റിവേഴ്‌സ് ഹവാലയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.

ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു. ആരാണ് ഈ വ്യക്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വ്യക്തിയും സ്വര്‍ണക്കടത്തുമായുള്ള ബന്ധമെന്താണ്. ഇത് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. മുഖ്യമന്ത്രി ഇക്കാര്യം ജനങ്ങളോട് പറയണം. കാരണം മുഖ്യമന്ത്രിയുടെ പക്കലാണ് അന്വേഷണ ഏജന്‍സികളുള്ളത്. അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ വെളിപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വപ്‌നയുടെ മൊഴി കേട്ടി ഞെട്ടിയെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വാസ്തവത്തില്‍ ഇത് വായിച്ചാല്‍ ജനങ്ങള്‍ ബോധരഹിതരായിപ്പോകും. അതാണ് സ്ഥിതി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഭരണനേതൃത്വവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. മന്ത്രിമാരും ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവരും ഉണ്ടെന്ന് പറയപ്പെടുന്നു. ഇതെല്ലാം ഗൗരവമായ വിഷയങ്ങളാണ്. ജനങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.