യത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടിയിൽ ഗതാഗത നിയന്ത്രണം


കൊയിലാണ്ടി: ദേശീയപാത 66 ൽ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം റോഡ് ജംഗ്ഷനിൽ ഇൻറർലോക്ക് ടൈൽ പതിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം.

ജനുവരി 9 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ആനക്കുളത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുചുകുന്ന് റോഡിലൂടെ പുളിയഞ്ചേരി വഴി നെല്യാടി റോഡിൽ പ്രവേശിച്ച് വിയ്യൂർ – ഇല്ലത്ത് താഴെ വഴി പെരുവട്ടൂർ, റെയിൽവെ മേൽപ്പാലം, കുറുവങ്ങാട് വഴി ചെങ്ങോട്ട്കാവ് ദേശീയപാതയിൽ പ്രവേശിക്കേണ്ടതാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ അരങ്ങാടത്ത് 14-ാം മൈൽസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഹാർബർ ബീച്ച് റോഡ് വഴി പഴയ പോലീസ് സ്റ്റേഷൻ റോഡിലൂടെ (ട്രാഫിക് പോലീസ് സ്റ്റേഷൻ) ദേശീയപാതയിൽ പ്രവേശിച്ച് വടകര ഭാഗത്തേക്ക് പോകേണ്ടതുമാണ്.

കൂടാതെ കണ്ണൂർ, നാദാപുരം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴി കൊയിലാണ്ടി നഗരത്തിൽ പ്രവേശിക്കാത്ത നിലയിൽ യാത്ര ചെയ്യേണ്ടതാണ്.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി യുടെ അധ്യക്ഷതയിൽ ചേർന്ന് ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.