രാജന്റെയും അമ്പിളിയുടെയും കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കും


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ ഇവര്‍ക്ക് വീടു വെച്ച് നല്‍കും. അടിയന്തിര നടപടികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കണമെന്ന് രാജന്റെ സഹോദരിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറൽ എസ്പി ബി അശോകനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. രാജന്റെ ഇരുവൃക്കകളും തകരാറിലായതായിരുന്നു മരണകാരണം.

കുടിയൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന്‍ ശരീരത്തില്‍ ഒഴിക്കുന്നത്. എന്നാല്‍ പോലീസുകാരെ പിന്തിരിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും, എസ്. ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് രാജന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പോലീസ് തങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് മക്കളും മൊഴി നല്‍കിയുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക