വടകരയിൽ പുലിയെ പിടിച്ചിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണം


വടകര: വടകരയില്‍ കഴിഞ്ഞ ദിവസം വളർത്തു മൃഗത്തെ ആക്രമിച്ച പുലിയെ പിടിച്ചെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. വനംവകുപ്പ് ഒരുക്കിയ കെണിയില്‍ പുള്ളി പുലി കുടുങ്ങിയെന്നാണ് വീഡിയോ സഹിതം പ്രചരിക്കുന്നത്. ഇതിനു സാധുത കല്‍പിക്കാനെന്നവണ്ണം ചിലരുടെ വോയ്‌സ് മെസേജുമുണ്ട്.

ഇന്നലെ മുതല്‍ വടകര ഭാഗത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇക്കാര്യം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മൂരാട് വെളുത്ത മലയില്‍ ആടിനെ അജ്ഞാത ജീവി കൊന്നെന്ന വാര്‍ത്ത വന്നതോട പുലിക്കഥ വ്യാപകമായത്. പുലിയെ പിടിച്ചെന്ന മട്ടില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.
എന്നാല്‍ വടകരയില്‍ പുലിയെ പിടിക്കാന്‍ വനംവകുപ്പല്ല ആരും കൂട് സ്ഥാപിക്കുകയോ കെണിയില്‍ പുലി വീഴുകയോ ചെയ്തിട്ടില്ല. കസ്റ്റംസ് റോഡിലും താഴെഅങ്ങാടിയിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും പുലിയെ കണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് കുറ്റ്യാടിയില്‍ നിന്നു വനപാലകര്‍ രണ്ടു തവണയും താമരശേരിയില്‍ നിന്നു റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) ഒരിക്കലും വന്നു പരിശോധിച്ച് മടങ്ങുകയായിരുന്നു. പുലിയാണെന്ന് വ്യക്തമാവുന്ന കാല്‍പാടുകളോ രോമമോ കാഷ്ഠമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൂച്ചപ്പുലിയാവാമെന്നും പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. ഇതിനു ശേഷം ദിവസങ്ങള്‍ പിന്നിട്ടാണ് പുലിയെ പിടിച്ചെന്ന പ്രചാരണം നടക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മൈലാംപാടം പൊതുവപ്പാടത്ത് നിന്നുള്ളതാണെന്നു വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അവിടെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് രണ്ടു ദിവസം മുമ്പ് പുലി കുടുങ്ങിയത്. ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതുമാണ്. കൂടിനു മീതെ മണ്ണാര്‍ക്കാട് എന്നു സൂചിപ്പിക്കുന്ന എം.കെ.ഡി എന്ന് എഴുതിയിട്ടുമുണ്ട്. എന്നിട്ടാണ് വടകരയില്‍ പിടിയിലായ പുലിയായി ഇതിനെ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തള്ളല്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക