വായകൊണ്ടുള്ള ചിത്രരചന; തിക്കോടി സ്വദേശി അശ്വന്ത് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍


കൊയിലാണ്ടി: വായ കൊണ്ട് ചിത്രം വരച്ച് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി തിക്കോടി സ്വദേശി. പാലൂരിലെ അരയം കണ്ടി അശ്വന്താണ് വായ കൊണ്ട് 12 രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെ ചിത്രം വരച്ച് ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചത്. ലോക്ഡൗണില്‍ ചെറിയ രീതിയില്‍ കൗതുകത്തിനുവേണ്ടി തുടങ്ങിവെച്ച വായകൊണ്ടുള്ള ചിത്രംവരയാണ് ഇത്തരമൊരു അംഗീകാരത്തിലേക്ക് അശ്വന്തിനെ എത്തിച്ചത്.

ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, സൗത്ത്‌കൊറിയ, ഇറാഖ്, തുര്‍ക്കി, മ്യാന്‍മാര്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഉസ്‌ബെക്കിസ്താന്‍, ചൈന എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെ ഒരുമണിക്കൂര്‍കൊണ്ട് വായകൊണ്ട് വരച്ചുതീര്‍ത്താണ് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്സില്‍ അശ്വന്ത് ഇടം നേടിയത്.

ചിത്രത്തില്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് തോന്നിയപ്പോള്‍ ആദ്യം കാലുകൊണ്ടായിരുന്നു വര. പരാജയമായിരുന്നു ആദ്യഘട്ടത്തില്‍. ഒരുപാട് ശ്രമത്തിനൊടുവില്‍ പിന്നീടങ്ങോട്ട് കൈകാലുകള്‍, വായ എന്നിവ കൊണ്ടൊക്കെ വരച്ചുതുടങ്ങി. വീട്ടുകരുടെയും സുഹൃത്തുകളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് അശ്വന്തിനെ ചിത്രകലയുടെ ഉയരങ്ങളില്‍ എത്തിച്ചത്.

വായകൊണ്ട് വരച്ചതിനാണ് റെക്കോഡ്. ഇനി ഏഷ്യാ ബുക്‌സ് ഓഫ് റെക്കോഡ്‌സ് ആണ് അശ്വന്തിന്റെ ലക്ഷ്യം. കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്. പോളിടെക്നിക് കോളേജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അശ്വന്ത്. അരയംകണ്ടി ബാബുവിന്റെയും ലജിനയുടെയും മകനാണ്. സഹോദരി അലേക്യ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക