വീണ്ടും ദുരന്തം, അധികൃതർ കണ്ണു തുറക്കേണ്ടിയിരിക്കുന്നു, കുറിപ്പ്


ബാലുശ്ശേരി:കക്കയം കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രത്തില്‍ അപകടമരണങ്ങള്‍ തുടര്‍കഥയാവുന്നു. ഇന്ന് നഷ്ടമായത് കൊടുവള്ളി സ്വദേശിയായ പതിനാലു വയസ്സുകാരനെയാണ്. കുടുബത്തോടൊപ്പമെത്തിയ മുഹമ്മദ് അബ്ദുല്ല ബാവയുടെ മരണം നാട്ടുകാരുള്‍പ്പെടെ എല്ലാവരെയും കണ്ണീരിലാഴ്ത്തി.

ഈ സംഭവത്തെ കുറിച്ച് സാമൂഹൃപ്രവര്‍ത്തകനും അമീന്‍ റസ്‌ക്യൂ ടീം അംഗവുമായ ബഷീര്‍ കൊല്ലി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

“വീണ്ടും ദുരന്തം”

ഇന്ന് 25/01/2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ കരിയാത്തുമ്പാറ പാറക്കടവിൽ വീണ്ടും മുങ്ങിമരണം.

കൊടുവള്ളി സ്വദേശി 14 കാരനായ മുഹമ്മദ്‌ അബുല്ല ബാവ എന്ന കൗമാരക്കാരനാണു ദാരുണാന്ത്യത്തിനു കീഴടങ്ങിയത്‌.

കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ കുറേ സമയം കഴിഞ്ഞ്‌ കാണാതായപ്പോഴാണു കുടുംബാംഗങ്ങൾ അന്വേഷിക്കുന്നത്‌.. കരയ്ക്ക്‌ കയറിയിട്ടുണ്ടാവുമെന്ന് കരുതിയ കുട്ടിയെ എവിടെയും കാണാതായപ്പോൾ വീണ്ടും വെള്ളത്തിനടിയിൽ തന്നെ അന്വേഷിക്കുകയായിരുന്നു.

കൂട്ടത്തിൽ നിന്നും മുങ്ങിപ്പോയ കുട്ടിയെ അമീൻ റെസ്ക്യു വളന്റിയർ മുഹമ്മദ്‌ മുണ്ടേരിയാണു മുങ്ങിയെടുത്തത്‌.. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആംബുലൻസിൽ താമരശേരി താലൂക്ക്‌ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.. ഡോകടറുടെ വിദഗ്ദ്ധാഭിപ്രായം അറിഞ്ഞ ശേഷം കോഴിക്കോട്‌ മെഡിക്കൽ കേളേജിലേക്ക്‌ മൃതദേഹം തുടർ നടപടികൾക്കായി മാറ്റിയേക്കും.

ഉയർന്ന ജലവിധാനം മരണസംഖ്യയും കൂട്ടുമെന്നാണു സാഹചര്യങ്ങൾ നമ്മെ ഉൽബോധിപ്പിക്കുന്നത്‌.. ഒന്നുകിൽ മുഴുവൻ ഭാഗവും കൊട്ടിയടച്ച്‌ ടൂറിസ്റ്റുകൾ വെള്ളത്തിലിറങ്ങുന്നത്‌ തടയുക.. അല്ലെങ്കിൽ ശമ്പളത്തോടു കൂടിയ ലൈഫ്‌ ഗ്വാർഡുകളെ സമീപത്ത്‌ വിന്യസിക്കുക.. അധികൃതർ കണ്ണു തുറക്കേണ്ടിയിരിക്കുന്നു.!!?


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക