ശബരിമല ദർശനം കൂട്ടിയില്ല; കോടതിയലക്ഷ്യത്തിന് നോട്ടീസ്


കൊച്ചി: ഈ മാസം 20 മുതൽ ശബരിമലയിൽ പ്രതിദിനം 5000 ഭക്തർക്ക് പ്രവേശനം അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല. ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് ഫ്രണ്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജനുവരി നാലിന് പരിഗണിക്കും.

മണ്ഡല-മകര വിളക്ക് സീസൺ ജനുവരി 21ന് സമാപിക്കും. നിലവിൽ പ്രതിദിനം 2000 ഭക്തരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ഓരോ ദിവസവും 3000 ഭക്തർക്ക് ദർശനം നടത്താനുള്ള അവസരമാണ് നഷ്ടമമാവുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഇന്നു മുതൽ കൂടുതൽ ഭക്തരെ അനുവദിക്കുമെന്നും ഇതിനുള്ള ഓൺലൈൻ ബുക്കിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസം അവധിയായിരുന്നതിനാലാണ് നടപടി വൈകിയതെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നാണ് രേഖാമൂലം വിശദീകരണം കോടതി തേടിയത്.

ചീഫ് സെക്രട്ടറിക്ക് പുറമേ ദേവസ്വം സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡിചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക