ഹാർദവിനായി നാടൊന്നിച്ചു, ഇനിയും വേണം സഹായം


പയ്യോളി: തിക്കോടി പാലൂർകാട്ടിൽ രാജീവൻ്റെ ഏഴ് മാസം പ്രായമായ മകൻ ഹാർദ്ദവിൻ്റെ ചികിത്സക്കായുള്ള ധനശേഖരണാർത്ഥം ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി. സഖ്യകേരള മേലടിയുടെ ആഭിമുഖ്യത്തിൽ പയ്യോളി നെല്യേരിമാണിക്കോത്തെ കിക്ക് ഓഫ് ടർഫിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു.

ശനിയാഴ്ച്ച രാവിലെ ഏഴിന് ആരംഭിച്ച ടൂർണ്ണമെൻ്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു. ഉച്ച തിരിഞ്ഞ് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്ലാക്ക് ഹാവക്സ് പയ്യോളി മലബാർ ഹട്സ് കുന്ദമംഗലത്തെ തോൽപിച്ച് ജേതാക്കളായി. ഫൈനലിൽ നിശ്ചിത സമയത്തും പെനാൾട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ച ഇരുടീമുകളെയും ഒടുവിൽ നറുക്കിട്ടെടുത്താണ് വിജയിയെ തീരുമാനിച്ചത്.

വൈകീട്ട് നടന്ന സമാപനചടങ്ങിൽ രാജൻ പടിക്കൽ അധ്യക്ഷത വഹിച്ചു. ജേതാക്കളായ ബ്ലാക്ക് ഹാവക്സിന് കൗൺസിലർ ഷൈമ മണന്തലയും, റണ്ണേഴ്സ് അപ്പായ മലബാർ ഹട്സിന് കൗൺസിലർ റസിയ ഫൈസലും ട്രോഫികൾ സമ്മാനിച്ചു.

ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി ജെസു തെരെഞ്ഞെടുക്കപ്പെട്ടു. ട്രോഫിയോടൊപ്പം ലഭിച്ച പ്രൈസ് മണി ഹാർദ്ദവിൻ്റെ ചികിത്സ ഫണ്ടിനായി സംഘാടകരെ തിരിച്ചേൽപ്പിച്ച് ജേതാക്കളായ ബ്ലാക്ക് ഹാവക്സ് മാതൃകയായി. ഗിരീഷ്, മൻസൂർ, ബവിത് ലാൽ, ജാസി, ഉദയൻ, നന്ദു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ടൂർണ്ണമെൻ്റിലൂടെ ലഭിച്ച മുഴുവൻ തുകയും ഹാർദ്ദവ് ചികിത്സ സഹായഫണ്ടിലേക്ക് കൈമാറി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക