പയ്യോളിയില്‍ വാടക സ്റ്റോറില്‍ മോഷണം പതിവാക്കിയ യുവാവിനെ കൈയ്യോടെ പൊക്കി കട ഉടമയും നാട്ടുകാരും; പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ്


പയ്യോളി: വാടക സ്‌റ്റോറില്‍ നിന്നും മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. പയ്യോളി ബീച്ചില്‍ സായിവിന്റെ കാട്ടില്‍ റിയാസി (38) നെയാണ് പിടികൂടിയത്. പയ്യോളിയിലെ കെ.സി.കെ വാടക സ്റ്റോറില്‍ മോഷണത്തിനിടെയാണ് ഇയാളെ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് െൈകയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചത്. പയ്യോളി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

വാടക സ്റ്റോറില്‍ നിന്നും പാത്രങ്ങളും മറ്റും പതിവായി കാണാതാവുന്നതിനെ തുടര്‍ന്ന് കടയുടമ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതറിയാതെ പുലര്‍ച്ചെ ഒരു മണിയോടെ റിയാസ് സ്റ്റോറിലെത്തി. ഇലക്ട്രിക്കല്‍ വയര്‍ മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായത്.

തുടര്‍ന്ന്, പയ്യോളി പോലീസില്‍ വിവരമറിയിക്കുകയും പ്രതിയെ പോലീസിന് കൈമാറുകയുമായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇയാള്‍ ടൗണില്‍ സ്ഥിരമായി മോഷണങ്ങള്‍ നടത്തുകയും മദ്യം കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും നേരത്തെയും ഇത്തരം കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.