കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ഗുഡ്സ് ലോറിയിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ഗുഡ്സ് ലോറിയിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ എതിരെ വന്ന പിക്കപ്പ് ഗുഡ്സ് ഡിവൈഡറും കടന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.

മുരളി, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ സ്വദേശികളാണെന്നാണ് സൂചന. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്നും മാറ്റാനുള്ള നടപടിയെടുത്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ ഗുഡ്സിന്റെ ഡോര്‍ പൊളിച്ചാണ് പരിക്കേറ്റ ഒരാളെ പുറത്തെടുത്തത്. ഒരാള്‍ റോഡില്‍ തെറിച്ച് വീണ നിലയിലായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ എ.എസ്.ടി.ഒ പി.കെ.ബാബു, എഫ്.ആര്‍.ഒമാരായ ജിനീഷ്‌കുമാര്‍, ഇര്‍ഷാദ് നിധിപ്രസാദ്, ബബീഷ്, നിതിന്‍ രാജ്, റഷീദ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.