മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ; അപകടത്തില്‍പ്പെട്ട കാര്‍ യാത്രികരായ വടകര സ്വദേശികള്‍ക്കും പരിക്ക്


എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപം കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ അതുലും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ. അര്‍ധരാത്രി കഴിഞ്ഞ് 12.30നായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. വെസ്റ്റിഹില്‍ ചുങ്കം പണിക്കര്‍ തൊടി എസ്.പി.അതുല്‍, മകന്‍ അന്‍വിക്, അതുലിന്റെ ഭാര്യ മായ (21), മാതാവ് കൃഷ്ണവേണി (52) എന്നിവരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. കാര്‍ യാത്രക്കാരായ വടകര സ്വദേശികളായ സായന്ത്, സൗരവ്, അഭിമന്യു, സോനു എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍.

അതുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മകനെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരുക്കേറ്റ അതുലിന്റെ ഭാര്യ മായ, അമ്മ കൃഷ്ണവേണി എന്നിവരെയും കാര്‍ യാത്രക്കാരായ രണ്ട് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നും എലത്തൂരില്‍ നിന്നും പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു തിരിഞ്ഞാണ് നിന്നത്.