‘തനിച്ചാണ് യാത്ര, നല്ല കാലാവസ്ഥയായതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സുഖമാണ്’; നൊമ്പരമായി ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പങ്കുവച്ച അവസാന വീഡിയോ


പേരാമ്പ്ര: പ്രകൃതി വില്ലനായപ്പോൾ ജീവിതം ചോദ്യചിഹ്നമായിപ്പോയ ജോഷിമഠിലുള്ളവർക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ചക്കിട്ടപാറ സ്വദേശിയായ ഫാ. മെല്‍വിന്‍ അബ്രഹാം. എന്നാൽ സേവനവഴിയില്‍ നിന്ന് അപകടത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അദ്ദേഹത്തിന്റെ അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല.

ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ ബിജ്നോര്‍ രൂപതയിലുള്ളവരോട് വിവരിച്ചത്. 25-ഓളം കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ അത്യാവശ്യമായി വേണ്ടിയിരുന്നു. ഉടനെ കോട്ദ്വാറിലെ ബിഷപ്പ് ഹൗസില്‍നിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ഫാ. മെല്‍വിന്‍ തനിയെ ജീപ്പില്‍ പുറപ്പെട്ടു. 320-ഓളം കിലോമീറ്റര്‍ അകലെയായിരുന്നു ജോഷിമഠ്.

തനിച്ചാണ് യാത്രയെന്നും നല്ല കാലാവസ്ഥയാണെന്നും അതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സു​ഖകരമാണെന്നും അദ്ദേഹം അവസാനമായി പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. ജോഷിമഠിലെ ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷണ സാധനങ്ങളാണ് വാഹനത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. റോഡിലെ അനുകൂല കാലാവസ്ഥയും അദ്ദേഹം വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഏറെ സന്തോഷത്തോടെ യാത്ര തിരച്ച അദ്ദേഹത്തിന്റെ വി​യോ​ഗ വാർത്തയാണ് പിന്നീട് അറിയുന്നത്.

17-ന് രാവിലെയാണ് അദ്ദേഹം യാത്ര തിരിച്ചത്. 320 കിലോ മീറ്റർ അകലെയുള്ള ക്യാമ്പിൽ ഒറ്റയ്ക്ക് ജീപ്പോടിച്ച് പോയാണ് സാധനങ്ങൾ കെെമാറിയത്. 19-നാണ് തനിയെ തിരികെ മടങ്ങാന്‍ ഒരുങ്ങിയത്. അതിനുമുമ്പ് രണ്ടുമലയാളികള്‍ക്കൊപ്പം ജോഷിമഠിലെ പാതകളിലൂടെ സഞ്ചരിച്ചപ്പോഴാണ് അപകടമെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

കഴിഞ്ഞ രണ്ടുദിവസമായി ജോഷിമഠ് ഉള്‍പ്പെടുന്ന കമോലി ജില്ലയില്‍ കനത്ത മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നു. റോഡിലെ മഞ്ഞില്‍ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് 500 അടി താഴേയ്ക്ക് പതിക്കുകയായിരുന്നു. ആ സമയം മെല്‍വിനൊപ്പം ഉണ്ടായിരുന്ന വൈദീകര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ടയറിനു കീഴില്‍ കല്ലുകള്‍ ഇട്ട് വാഹനം നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ നിയന്ത്രണം കിട്ടാതെ ജീപ്പ് കൊക്കയിലേക്ക് പതിച്ചു. രാത്രി 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ജോഷിമഠിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം ഋഷികേശിലെ ആശുപത്രിയില്‍ എത്തിച്ചു.

സംസ്ക്കാര ശുശ്രൂഷകൾ 23-ന് ഉത്തരാഖണ്ഡിലെ കോഡ്ധ്വാർ സെന്റ്ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ നടക്കും. ചക്കിട്ടപാറയിലെ ബന്ധുക്കൾ ശനിയാഴ്ച വിമാന മാർ​ഗം ഉത്തരാഖണ്ഡിലേക്ക് തിരിക്കും. ചക്കിട്ടപാറ പള്ളിത്താഴത്ത് എബ്രഹാമിന്റെയും കാതറിന്റെയും മകനാണ്. ഷാലെറ്റ് എബ്രഹാം,ഷാൽവിൻ എബ്രഹാം എന്നിവർ സഹോദരങ്ങളാണ്.

ജോഷിമഠിൽ ദുരിത മേഖലയിൽ ഭക്ഷണമെത്തിച്ച് മടങ്ങവെ അപകടം; ചക്കിട്ടപ്പാറ സ്വദേശിയായ വൈദികൻ മെൽവിൻ പി. ഏബ്രഹാം മരിച്ചു