സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ മജിസ്ട്രേറ്റ് അനുവദിച്ച ഊരള്ളൂര്‍ സ്വദേശിനിയെ കൊയിലാണ്ടി നഗരമധ്യത്തില്‍വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി; കൂടെയുണ്ടായിരുന്ന സുഹൃത്തിനും ക്രൂരമര്‍ദ്ദനം


കൊയിലാണ്ടി: നഗരഹൃദയത്തില്‍ വച്ച് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. സ്വന്തം ഇഷ്ടത്തിന് പോകാനായി മജിസ്‌ട്രേറ്റ് അനുവദിച്ച, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെയാണ് കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ വച്ച് ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയത്. കുട്ടി സഞ്ചരിക്കുകയായിരുന്ന കാര്‍ ആക്രമിച്ച് സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതെന്ന് സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് റുഫീസ് പേരാമ്പ്രര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഊരള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയത്. മെയ് മൂന്നിന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവില്‍ പഠനം തുടരാനായി പോയതായിരുന്നു കുട്ടിയെന്നാണ് പെണ്‍കുട്ടി മജിസ്ട്രേറ്റിനെ അറിയിച്ചതെന്ന്് ഇവരുടെ അഭിഭാഷകനായ അഡ്വ.സുഭാഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അഭിഭാഷകന്‍ സംഭവം വിശദീകരിക്കുന്നു:

”ബന്ധുക്കള്‍ തന്നെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയ വിവരം സുഹൃത്തുക്കള്‍ വഴി അറിഞ്ഞ പെണ്‍കുട്ടി തിരികെ നാട്ടിലെത്തുകയും തിങ്കളാഴ്ച അഭിഭാഷകനൊപ്പം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാവുകയുമായിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് വ്യക്തികളെ കാണാതായി എന്ന കേസുകളില്‍ ആളെ കിട്ടിയാല്‍ ആദ്യം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷം മാത്രമേ കോടതിയില്‍ ഹാജരാക്കാന്‍ പാടുള്ളൂവെന്ന കാര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് പൊലീസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസിന് മുന്നില്‍ ഹാജരായി. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയോടെ പെണ്‍കുട്ടിയെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പരാതിക്കാരായ ബന്ധുക്കളുടെ അഭിഭാഷകന്‍ പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയാണെന്നും കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണമെന്നുമാണ് മജസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടത്.

ഈ ആവശ്യത്തെ പെണ്‍കുട്ടിക്ക് ഞങ്ങള്‍ എതിര്‍ത്തു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതാണെന്നും മയക്കുമരുന്നിന് അടിമയാണെന്ന ആരോപണത്തിന് യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. തനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങാനാണ് താല്‍പ്പര്യമെന്ന പെണ്‍കുട്ടിയുടെ ആവശ്യവും കോടതി അനുവദിച്ചു. കൂടാതെ, താന്‍ വന്ന കാറും ഒപ്പം വന്ന സുഹൃത്തും പൊലീസ് സ്റ്റേഷനിലാണെന്നും അവിടേക്ക് പോകുന്നതിനിടെ ബന്ധുക്കള്‍ തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സംരക്ഷണം നല്‍കണമെന്നുമുള്ള പെണ്‍കുട്ടിയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ മടങ്ങിയെത്തി. പെണ്‍കുട്ടി വന്ന കാറിന്റെ താക്കോല്‍ ഉള്‍പ്പെടെ പൊലീസ് തിരികെ നല്‍കുകയും പെണ്‍കുട്ടിയെയും സുഹൃത്തിനെയും പോകാന്‍ അനുവദിക്കുകയും ചെയ്തു.”

ഈ സമയം പെണ്‍കുട്ടിയുടെ ബന്ധുക്കളും ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരും രണ്ട് കാറുകളിലായി പൊലീസ് സ്റ്റേഷന് പുറത്തുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പെണ്‍കുട്ടിയുമായി പോകവെ രാത്രി ഒമ്പത് മണിയോടെ കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് സമീപത്ത് വച്ചാണ് തങ്ങള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായതെന്ന് റുഫീസ് പറയുന്നു. കാര്‍ തടഞ്ഞ് നിര്‍ത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വശങ്ങളിലെ ചില്ല് അടിച്ച് പൊട്ടിക്കുകയും എന്നെ മര്‍ദ്ദിക്കുകയുമായിരുന്നു. കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. ആളുകള്‍ ഓടിക്കൂടിയതോടെ താന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പറഞ്ഞ ശേഷം പെണ്‍കുട്ടിയെ വലിച്ച് കാറില്‍ കയറ്റി ബന്ധുക്കള്‍ പോവുകയായിരുന്നു. മര്‍ദ്ദിച്ച ആളുകള്‍ പെണ്‍കുട്ടിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരെയും കൈകാര്യം ചെയ്യുമെന്ന ഭീഷണി മുഴക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വാഹനം ആക്രമിക്കുകയും റുഫീസിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയ സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.