രാത്രികാലങ്ങളില്‍ പീടികത്തിണ്ണയില്‍ കിടത്തം, സഹോദരങ്ങളെ തോളത്തെടുത്തും നടത്തിച്ചും ആക്രി സാധനങ്ങള്‍ ശേഖരിക്കല്‍; കയ്‌പേറിയ അനുഭവങ്ങളിലും താങ്ങായി നിന്ന പേരാമ്പ്രക്കാരെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവരാജ് എത്തി


പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ തന്നെയും സഹോദരങ്ങളെയും നോക്കി വളര്‍ത്തിയ പേരാമ്പ്രക്കാരെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവരാജ് എത്തി. നമ്മുടെ പേരാമ്പ്ര ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ദേവരാജിന്റെ തിരിച്ച് വരവിന്റെ കഥ പറയുന്നത്. മാധ്യമപ്രവര്‍ത്തകനായ ജിനീഷ് പേരാമ്പ്രയാണ് ദേവരാജിന്റെ കഥ തയ്യാറാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം,

വര്‍ഷങ്ങള്‍ക്ക് ശേഷം, തെരുവില്‍ കഴിഞ്ഞ തന്നെയും സഹോദരങ്ങളെയും സംരക്ഷിച്ചവരെ കാണാന്‍ ദേവരാജ് എത്തി

കാരുണ്യം കരകവിഞ്ഞ ഒരു കേരള സ്റ്റോറി ഇതാ

ബംഗളൂരു എന്‍ജിനീയറിങ് കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് തമിഴ്‌നാട്ടില്‍ ജനിച്ച ദേവരാജ്. കൈയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ കിട്ടിയതു മുതല്‍ അവന്‍ ഗൂഗിളില്‍ പരതുന്നത് കോഴിക്കോട് ജില്ലയിലെ അനാഥാലയങ്ങളെ കുറിച്ചാണ്. ഒരു പതിറ്റാണ്ട് മുമ്പ് അമ്മ ആത്മഹത്യ ചെയ്തതോടെ ദേവരാജ് ഉള്‍പ്പെടെ നാല് കുട്ടികളേയും കൂട്ടി അച്ഛന്‍ തഞ്ചാവൂരില്‍നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയതാണ്. പേരാമ്പ്രയില്‍ എത്തിയ ഇവര്‍ക്ക് പീടികവരാന്തകളായിരുന്നു അഭയം. അച്ഛന്‍ കുട്ടികളെ തെരുവില്‍ തള്ളി അലഞ്ഞുതിരിഞ്ഞു. ഈ നാലു മക്കളേയും തെരുവില്‍ നിന്നെടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവന്ന പേരാമ്പ്ര ദാറുന്നുജൂം ഓര്‍ഫനേജായിരുന്നു അവന് കണ്ടുപിടിക്കേണ്ടിയിരുന്നത്. അവന്റെ പരിശ്രമം വിജയിച്ചു. രണ്ടുമാസം മുമ്പ് അവന്‍ ദാറുന്നുജൂമില്‍ എത്തുകയും ചെയ്തു. ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയാണ് ഓര്‍ഫനേജ് അധികൃതര്‍ അവനെ വരവേറ്റത്.

ഓര്‍മയുടെ വേരുകള്‍

അമ്മ മരിച്ചതോടെ തെരുവിലേക്ക് എറിയപ്പെട്ട തങ്ങള്‍ക്ക് പുതുജീവനാണ് പേരാമ്പ്രക്കാര്‍ സമ്മാനിച്ചതെന്ന് ദേവരാജ് പറയുന്നു. പത്തുവര്‍ഷം മുമ്പത്തെ അവന്റെ മങ്ങിയ ഓര്‍മയില്‍ പലതും തെളിയുന്നുണ്ട്. അവനേയും പറക്കമുറ്റാത്ത സഹോദരങ്ങളേയും പേരാമ്പ്ര തെരുവില്‍ സംരക്ഷിച്ച ഒരുപ്പയും അമ്മയുമുണ്ട്. അവരെ കുറിച്ചറിയുകയായിരുന്നു പിന്നീടവന് വേണ്ടത്. വിവരം ഓര്‍ഫനേജ് അധികൃതരോട് വ്യക്തമാക്കിയപ്പോള്‍ ഒരു പത്രകട്ടിങ് ആണ് അവര്‍ അവനെ കാണിച്ചത്. പതിറ്റാണ്ട് മുമ്പ് ആ അനാഥക്കുട്ടികളുടെ കഥ വിവരിച്ച ‘മാധ്യമം’ പത്രമായിരുന്നു അത്. കണ്ണീര്‍ ചാലിച്ച് അവന്‍ ഓരോ വാക്കുകളും വായിച്ചെടുത്തു. പത്രത്തില്‍ വന്ന അവരുടെ നാല് പേരുടേയും ചിത്രം ദുരിതബാല്യത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. ആ വാര്‍ത്താചിത്രം മൊബൈലില്‍ പകര്‍ത്തിയാണ് അവനന്ന് ദാറുന്നുജൂമില്‍നിന്ന് മടങ്ങിയത്. ആ വാര്‍ത്ത സഹോദരങ്ങളെ കാണിച്ചപ്പോള്‍ അവരും വിതുമ്പി. ഇ.എം.എസ് ആശുപത്രിയുടെ പഴയ കെട്ടിടത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ചോയ്‌സ് ഹോട്ടല്‍ ഉടമ ഷൈമയായിരുന്നു ഈ മക്കളെ ഊട്ടിയിരുന്നത്. രാവിലെയും ഉച്ചക്കും വൈകീട്ടുമെല്ലാം അവര്‍ ആ കുരുന്നുകള്‍ക്കുളള ഭക്ഷണം ഹോട്ടലില്‍ കരുതിവെച്ചു. അവരുടെ കാര്യമോര്‍ത്ത് ഉറങ്ങാന്‍പോലും പറ്റുമായിരുന്നില്ലെന്ന് ഷൈമ പറയുന്നു. രാവിലെ കടയിലെത്തുമ്പോള്‍ ആദ്യം തിരക്കുന്നത് ആ കുഞ്ഞുങ്ങളെയായിരുന്നെന്നും ആ അമ്മ ഓര്‍മിക്കുന്നു. സമീപത്തെ തന്നെ താജ് പോളിക്ലിനിക്ക് ഉടമ പുത്തന്‍പുരയില്‍ അബ്ദുറഹ്‌മാനും ഈ കുഞ്ഞുങ്ങള്‍ക്ക് സഹായം നല്‍കി. ഒമ്പതു മാസം മാത്രമുളള സഹോദരിയെ എടുത്തും മറ്റുള്ളവരെ നടത്തിച്ചുമായിരുന്നു അന്നത്തെ പത്തു വയസ്സുകാരന്‍ ദേവരാജ് ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ പോയിരുന്നത്. രാത്രി പീടികത്തിണ്ണയില്‍ അന്തിയുറങ്ങും. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ തെരുവില്‍ കിടത്തുന്നത് സുരക്ഷിതമല്ലെന്ന തിരിച്ചറിവിലാണ് അബ്ദുറഹ്‌മാന്‍ പേരാമ്പ്രയിലെ മാധ്യമം ബ്യൂറോയില്‍ വിളിച്ച് കുട്ടികളുടെ കാര്യം പറയുന്നത്. അന്നുതന്നെ അവരെ കണ്ടെത്തി വാര്‍ത്ത കൊടുത്തു. ആ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ദാറുന്നു ജൂം ഓര്‍ഫനേജ് അധികൃതര്‍ കുട്ടികളെ ഏറ്റെടുത്തു.

കരളലിയിക്കുന്ന സമാഗമം

പതിറ്റാണ്ടിനു ശേഷം ദേവരാജ് രണ്ടാമതും പേരാമ്പ്രയിലെത്തിയതിന്റെ പ്രധാന ഉദ്ദേശ്യം തങ്ങളെ സംരക്ഷിക്കുകയും സുരക്ഷിത കരങ്ങളിലെത്തിക്കുകയും ചെയ്ത പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുക എന്നതായിരുന്നു. ആദ്യം എത്തിയത് താജ് പോളിക്ലിനിക്കില്‍. അവിടെനിന്ന് അബ്ദു റഹ്‌മാനെ കണ്ട് പഴയ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദേവരാജിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചപ്പോള്‍ ഇരുവരുടേയും കണ്ണ് നിറഞ്ഞിരുന്നു. ”ഞങ്ങള്‍ക്ക് അന്ന് ഭക്ഷണം തന്നെ ഹോട്ടലിലെ ആ അമ്മയേയും കാണണം” എന്നതായിരുന്നു ദേവരാജ് പിന്നീട് ആവശ്യപ്പെട്ടത്. സഹോദരങ്ങളോടൊപ്പം ആക്രി പെറുക്കി നടന്ന സ്ഥലങ്ങളും അന്തിയുറങ്ങിയ പീടികത്തിണ്ണയുമെല്ലാം അവന്‍ ഒരിക്കല്‍ കൂടി കണ്ടു. ഇ.എം.എസ് ആശുപത്രി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെ ഹോട്ടല്‍ അടച്ചിരുന്നു. ഷൈമ ചിലമ്പവളവിലെ വീട്ടില്‍തന്നെയാണ്. അബ്ദു റഹ്‌മാന്‍ ദേവരാജിനേയും കൂട്ടി അവരുടെ വീട്ടിലെത്തി. അതിഥിയെ പരിചയപ്പെടുത്തിയപ്പോള്‍ ഷൈമ സന്തോഷംകൊണ്ട് കരഞ്ഞുപോയി. ജീവിതത്തിലൊരിക്കലും ഇങ്ങനെ ഒരു കൂടിച്ചേരല്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. മകനെയെന്നപോലെ ദേവരാജിനെ ചേര്‍ത്തുപിടിച്ച സഹോദരങ്ങളുടെ സുഖവിവരങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം അവന്‍ ഏറെ രുചിയോടെ കഴിച്ചു. സഹോദരങ്ങളേയും കൂട്ടി ഒരിക്കല്‍ കൂടി വരണമെന്ന ഓര്‍മപ്പെടുത്തലോടെയാണ് അവനെ അവര്‍ യാത്രയാക്കിയത്.

പലായനം

തമിഴ്‌നാട് തഞ്ചാവൂരിലെ തിരുപ്പതി സീനത്തിനെ പ്രണയിച്ച് വിവാഹം കഴിച്ചു. അവരുടെ മക്കളാണ് ദേവരാജ്, രാജ്, ദുര്‍ഗ, സുമിത്ര. സുമിത്രക്ക് ഒമ്പതു മാസം പ്രായമുള്ളപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തു. അമ്മയുടെ മരണശേഷം നാലു മക്കളേയും കൂട്ടി കേരളത്തിലേക്ക് വരുകയായിരുന്നു തിരുപ്പതി. ദേവരാജ് അന്ന് നാലാംക്ലാസിലും രാജ് രണ്ടാംക്ലാസിലും, ദുര്‍ഗക്ക് പ്രായം രണ്ട് വയസ്സ്. കുട്ടികളെ ടൗണില്‍ ഉപേക്ഷിച്ച് തിരുപ്പതി രാവിലെ ആക്രിസാധനങ്ങള്‍ പെറുക്കാന്‍ പോകും. മൂത്തവനായ ദേവരാജാണ് മറ്റ് മൂന്ന് പേരേയും നോക്കിയിരുന്നത്. ഇതോടെയാണ് അബ്ദുറഹ്‌മാനും ഷൈമയും അവര്‍ക്ക് താങ്ങായി എത്തുന്നത്.

ദാറുന്നു ജൂം ഓര്‍ഫനേജ് ഇവരെ ഏറ്റെടുത്ത് ദേവരാജിനേയും രാജിനേയും പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തു. കുട്ടികളെ ഏറ്റെടുത്തതോടെ ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്ലസ്ടുവിന് 82 ശതമാനം മാര്‍ക്ക് വാങ്ങിയ ദേവരാജ് ബംഗളൂരു എന്‍ജിനീയറിങ് കോളജില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍. രാജ് ഈ വര്‍ഷം പത്താം തരത്തിലും ദുര്‍ഗ എട്ടിലും സുമിത്ര ഏഴിലും പഠിക്കുന്നു

ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം

അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും ഇവര്‍ക്കറിയില്ല. തങ്ങളെ സംരക്ഷിച്ചില്ലെങ്കിലും അച്ഛനെ ഒന്ന് കാണണമെന്ന ആഗ്രഹം മക്കള്‍ക്കുണ്ട്. അച്ഛന്റെയും അമ്മയുടേയും ബന്ധുക്കളെ കണ്ടെത്തണമെന്ന ആഗ്രഹവും മനസ്സിലുണ്ട്. ഇതിനായി ഒരുതവണ ദേവരാജ് തഞ്ചാവൂരില്‍ പോയിരുന്നു. എന്നാല്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തഞ്ചാവൂരില്‍ അന്ന് താമസിച്ച സ്ഥലം അച്ഛന്റേതാണെന്നാണ് ദേവരാജ് കരുതുന്നത്. എന്നാല്‍ അതിന് ഒരു രേഖയും കൈവശമില്ല. സ്ഥലം കൃത്യമായി എവിടെയാണെന്നുപോലും നിശ്ചയമില്ല.

എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണമെന്നാണ് അവന്റെ ആഗ്രഹം. സ്വന്തമായി ഭൂമി വേണം, വീട് വേണം. സഹോദരങ്ങള്‍ക്ക് താങ്ങാവണം. ഇതെല്ലാമാണ് അവന്റെ ആഗ്രഹങ്ങള്‍. തന്നേയും സഹോദരങ്ങളേയും തെരുവില്‍നിന്ന് വീണ്ടെടുത്ത പേരാമ്പ്രയില്‍ തന്നെ ജീവിക്കാനാണ് ദേവരാജിനിഷ്ടം. മികച്ച ഡാന്‍സര്‍കൂടിയാണ് ദേവരാജ്. തെരുവില്‍നിന്ന് തങ്ങളെ കൈപിടിച്ചുയര്‍ത്തിയവര്‍ ഒരിക്കലും തങ്ങളുടെ ജാതിയോ മതമോ നോക്കിയിട്ടില്ലെന്നും കരുണയും സ്‌നേഹവുമാണ് ഞങ്ങള്‍ക്ക് എവിടെയും കാണാന്‍ കഴിഞ്ഞതെന്നും ദേവരാജ് പറയുന്നു.

തയ്യാറാക്കിയത്
ജിനീഷ് പേരാമ്പ്ര