ഉപയോക്താക്കള്‍ ഉറങ്ങുമ്പോഴും വാട്സാപ് മൈക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ? വാട്സാപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു, ഉപഭോക്താക്കൾ ആശങ്കയിൽ


റങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് സഹിതം വ്യക്തമാക്കി ട്വിറ്ററിലെ എഞ്ചിനീയര്‍. വാട്സാപ്പ് ഉപയോഗിക്കാത്ത സമയത്ത് പോലും അതിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ ഉണര്‍ന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എഞ്ചിനീയറുടെ കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് പിന്നാലെ വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ച് ഇലോൺ മസ്‌കും രംഗത്തെത്തിയിരുന്നു. പിന്നീട് നിരവധി പേർ വാട്സാപ്പിൽ നിന്ന് സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തിരുന്നു.

തന്റെ അവകാശവാദം സമര്‍ഥിക്കുന്നതിനായി പുലർച്ചെ 4.20 മുതൽ 6.53 വരെ താന്‍ വാട്സാപ്പ് ഉപയോഗിക്കാത്ത നേരത്തും പശ്ചാത്തലത്തിൽ വാട്സാപ് ഫോണിലെ മൈക്രോഫോൺ ആക്‌സസ് ചെയ്തതായുള്ള ആൻഡ്രോയിഡ് ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടും എഞ്ചിനീയര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത് ആൻഡ്രോയിഡ് ഫോണിലെ സാങ്കേതിക പ്രശ്നമാണെന്നാണ് വാടസാപ്പിന്റെ പ്രതികരണം. ഫോണിലെ പ്രൈവസി ഡാഷ്‌ബോർഡിലെ വിവരങ്ങൾ തെറ്റായി ആട്രിബ്യൂട്ട് ചെയ്യുന്ന ആൻഡ്രോയിഡിലെ ഒരു ബഗ് മൂലമാണ് പ്രശ്‌നം ഉടലെടുക്കുന്നതെന്നാണ് വാട്സാപ്പ് പറയുന്നത്. ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന ഫോൺ പിക്സലും വാട്സാപ്പും ഇക്കാര്യം അന്വേഷിച്ച് പ്രതിവിധി നൽകാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വാട്സാപ് ഉപയോക്താക്കൾക്ക് അവരുടെ മൈക്രോഫോൺ സെറ്റിങ്സിൽ പൂർണ്ണ നിയന്ത്രണം ഉണ്ടെന്നും കോൾ ചെയ്യുമ്പോഴോ വോയ്‌സ് നോട്ടോ, വിഡിയോയോ റെക്കോർഡു ചെയ്യുമ്പോഴോ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യാൻ കഴിയുക എന്നും മറ്റൊരു ട്വീറ്റിൽ വാട്സാപ് വ്യക്തമാക്കുന്നുമുണ്ട്. ഉപയോക്തക്കളുടെ അറിവില്ലാതെ വാട്‌സാപ് രഹസ്യമായി മെെക്രോഫോൺ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിട്ടുണ്ട്.