ജോഷിമഠിൽ ദുരിത മേഖലയിൽ ഭക്ഷണമെത്തിച്ച് മടങ്ങവെ അപകടം; ചക്കിട്ടപ്പാറ സ്വദേശിയായ വൈദികൻ മെൽവിൻ പി. ഏബ്രഹാം മരിച്ചു


ഡെറാഡൂൺ: ജോഷിമഠിൽ ദുരിത മേഖലയിൽ ഭക്ഷണമെത്തിച്ച് മടങ്ങിയ കോഴിക്കോട് സ്വദേശിയായ വൈദികൻ വാഹനാപകടത്തിൽ മരിച്ചു. ചക്കിട്ടപ്പാറ സ്വദേശി മെൽവിൻ പി. ഏബ്രഹാം ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

ബിജ്നോർ രൂപതയിൽ സേവനം ചെയ്യുകയായിരുന്നു ഫാ.മെൽവിൻ. ജോഷിമഠിൽ ബിജ്നോർ രൂപതയുടെ സനന്ദ്ധപ്രവർത്തനത്തിൽ പങ്കാളിയായ ഫാ. മെൽവിൻ രണ്ട് വൈദികർക്കൊപ്പമാണ് ജോഷിമഠിലെ ദുരിത മേഖലയിലെത്തിയത്. ഭക്ഷണമെത്തിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെ മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി നഷ്ടപ്പെടുകയും ഇവർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വൈദികർക്കും പരിക്കുറ്റു.

ഇന്ന് രാവിലെയാണ് സൈന്യത്തിന് അപകട സ്ഥലത്തുനിന്നും മൃതദേഹം പുറത്തെടുക്കാൻ കഴിഞ്ഞിത്. മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചയായിരിക്കും സംസ്കാരം. അപകട വിവരം ഇന്ന് രാവിലെയാണ് വൈദികന്റെ ബന്ധുക്കളെ അറിയിച്ചത്. നാട്ടിൽ നിന്നും ബന്ധുക്കൾ ബിജ്നോറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.