കൊയിലാണ്ടി സ്വദേശി അഡ്വ.എല്‍.ജി ലിജീഷ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാകും; നിയമനം സര്‍ക്കാര്‍ ശുപാര്‍ശയില്‍


കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരില്‍ കൊയിലാണ്ടി സ്വദേശിയും. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ.എല്‍.ജി. ലിജീഷിനെയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും നിയമനത്തിനായി ശുപാര്‍ശ ചെയ്തത്.

സര്‍ക്കാര്‍ ശുപാര്‍ശ യൂണിവേഴ്‌സിറ്റി ഗസറ്റില്‍ പബ്ലിഷ് ചെയ്തശേഷം ഗവര്‍ണര്‍ അംഗീകരിച്ചശേഷമേ നിയമന നടപടികള്‍ പൂർത്തിയാകൂ. കേരളത്തില്‍ നിന്നും ആറ് പേരെയാണ് സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

പെരുവട്ടൂര്‍ സ്വദേശിയായ ലിജീഷ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമാണ്.നേരത്തെ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളില്‍ സമരപോരാട്ടങ്ങള്‍ക്ക് ജില്ലയില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. കൊയിലാണ്ടി ബാറിലെ അഭിഭാഷകനാണ്.