രാത്രി പയ്യോളി അയനിക്കാട്ടെ വീടിനുമുമ്പില്‍ അജ്ഞാതന്‍, ഭയന്ന വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടത് തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും; സംശയകരമായ സാഹചര്യത്തില്‍ യുവാവ് പൊലീസ് പിടിയില്‍


പയ്യോളി: സംശയകരമായ സാഹചര്യത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ബംഗാള്‍ സ്വദേശിയായ അജല്‍ ഹസ്സന്‍ ആണ് പിടിയിലായത്. ദേശീയാപാതയ്ക്കരികിലെ അയനിക്കാട് സ്വദേശി കരീമിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ഇയാള്‍ കോളിങ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ പരിചയമില്ലാത്ത ആളാണെന്ന് മനസിലായി. യുവാവ് മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നു. ഭയന്ന വീട്ടുകാര്‍ അയല്‍ക്കാരെ വിളിച്ച് വിവരം പറയുകയും നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.

അര കിലോമീറ്ററോളം ദൂരം ഇയാളെ പിന്തുടര്‍ന്ന നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇയാളുടെ ബാഗില്‍ നിന്നും കളിത്തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നും പൊലീസ് വ്യക്തമാക്കി.