കൃത്യസമയത്തുള്ള രോഗ നിര്‍ണയത്തിലൂടെ കാന്‍സറിനെ സുഖപ്പെടുത്താം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വിശദമായറിയാം


ശരിയായ സമയത്ത് കാന്‍സര്‍ കണ്ടെത്തുകയും അതിനായ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്താല്‍ ശരീരത്തില്‍ നിന്നും കാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാം. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും കാന്‍സര്‍ ബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ കാന്‍സറിന്റെ തോത് കുറക്കുകയും കാന്‍സറിനെക്കുറിച്ചുള്ള മിഥ്യകളെയും തെറ്റായ വിവരങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

കൃത്യമായ സമയത്ത് കണ്ടെത്തിയാല്‍ കാന്‍സര്‍ മൂലമുള്ള ഏതാണ്ട് 40 ശതമാനം മരണങ്ങളും തടയാവുന്നവയാണ്. സാധാരണ കാന്‍സറുകളില്‍ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും കൃത്യ സമയത്തുള്ള രോഗനിര്‍ണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്. ബോധവല്‍ക്കരണ പരിപാടികള്‍, പ്രതിരോധ നടപടികള്‍, പതിവ് സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ഉചിതമായ ചികിത്സ എന്നിവയിലൂടെ ഓരോ വര്‍ഷവും നിരവധി സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഓരോ തരം കാന്‍സറും വ്യത്യസ്തമാണ്. എല്ലാവര്‍ക്കും ഒരേ തരം ചികില്‍സയും പറ്റില്ല. സ്തനാര്‍ബുദം, ഗര്‍ഭാശയമുഖം കാന്‍സര്‍, ഗര്‍ഭപാത്രത്തിലെ കാന്‍സര്‍, അണ്ഡാശയത്തിലെ കാന്‍സര്‍, ശ്വാസകോശത്തിലെ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍, സ്‌കിന്‍ കാന്‍സര്‍ എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളില്‍ സാധാരണ കണ്ടുവരുന്ന അര്‍ബുദങ്ങളാണ്.

പാരമ്പര്യ, ജനിതക, പാരിസ്ഥിതിക ഘടകങ്ങള്‍, ജീവിതശൈലി എന്നിവ അനുസരിച്ച് കാന്‍സര്‍ വരാനുള്ള സാധ്യത വ്യത്യാസപ്പെടുന്നു. കുടുംബ ചരിത്രം, പ്രായം, പൊണ്ണത്തടി, മദ്യം, പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസം), പ്രത്യുല്‍പാദന ചരിത്രം (നേരത്തേയുള്ള ആര്‍ത്തവവിരാമം, അല്ലെങ്കില്‍ വൈകിയുള്ള ആര്‍ത്തവവിരാമം, വന്ധ്യത) എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. ഇതോടൊപ്പം. ശുചിത്വമില്ലായ്മ, നേരത്തെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ഒന്നിലധികം പങ്കാളികളോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, തുടങ്ങിയ കാര്യങ്ങളെല്ലാം പ്രതിരോധശേഷി കുറക്കാന്‍ ഇടയാക്കുന്നു.

ഇതു കൂടാതെ, റേഡിയേഷന്‍ എക്‌സ്‌പോഷര്‍, രാസവസ്തുക്കളുമായുള്ള അമിതമായ സമ്പര്‍ക്കം, ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്
(എച്ച്ഐവി), ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി), ഹെപ്പറ്റൈറ്റിസ് വൈറസുകള്‍, ഹെലിക്കോബാക്റ്റര്‍ പൈലോറി എന്നിവയെല്ലാം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത്, ചിട്ടയായ വ്യായാമം, യോഗ, നടത്തം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കല്‍, ആരോഗ്യകരമായ ഭക്ഷണരീതി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉപയോഗം, വറുത്തതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുന്നത് കുറക്കുന്നത്, മാംസം, കലോറി എന്നിവയുടെ നിയന്ത്രണം, വ്യക്തിശുചിത്വം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.

കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിന് ഫലപ്രദമായ പല മാര്‍ഗങ്ങളുമുണ്ട്. ഇത് മരണസാധ്യത ഏകദേശം 80 ശതമാനത്തോളം കുറയ്ക്കും. 40 വയസിന് മുകളിലുള്ള, കുടുംബത്തില്‍ കാന്‍സര്‍ ചരിത്രമുള്ളതോ അല്ലാത്തതോ ആയ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രഫി, സെര്‍വിക്കല്‍ പാപ്-സ്മിയര്‍ ടെസ്റ്റ്, അണ്ഡാശയത്തിന്റെയും ഗര്‍ഭാശയത്തിന്റെയും സ്‌ക്രീനിംഗ്, കോള്‍പോസ്‌കോപ്പി, സിഗ്മോയിഡോസ്‌കോപ്പി രക്തപരിശോധന, എന്നിവയ്ക്ക് വിധേയരാകുന്നത് നല്ലതാണ്.

കാന്‍സര്‍ സൂചന നല്‍കുന്ന ചില മുന്നറിയിപ്പുകളും അവഗണിക്കരുത്. സ്തനങ്ങളില്‍ ഏതെങ്കിലും വീക്കം, മുഴകള്‍, വലിപ്പ വ്യത്യാസം എന്നിവ കാണുകയാണെങ്കില്‍ അത് പരിശോധിക്കണം. യോനിയില്‍ നിന്നും അസാധാരണമായ തരത്തിലുള്ള ഡിസ്ചാര്‍ജ്, പാടുകള്‍, രക്തസ്രാവം, വിട്ടുമാറാത്ത അള്‍സര്‍, ചര്‍മത്തിലെ മാറ്റങ്ങള്‍, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറുവേദന എന്നിവ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇടുപ്പെല്ലിലെ വേദന, നിരന്തരമായ വയറുവീക്കം, അമിതമായ ശരീരഭാരം, വിശപ്പില്ലായ്മ, എന്നീ ലക്ഷണങ്ങളും ശ്രദ്ധിക്കണം.

ഓരോ കാന്‍സറിനുമുള്ള ചികിത്സയും രോഗനിര്‍ണയവും വ്യത്യസ്തമാണ്. സാധാരണ കാന്‍സര്‍ ചികിത്സയില്‍ ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയെല്ലാം ഉള്‍പ്പെടുന്നു. നേരത്തെ തന്നെ കണ്ടെത്തിയാല്‍ കാന്‍സര്‍ സുഖപ്പെടുത്താവുന്നതാണ്. ശരീരത്തിലെ വിവിധ ശരീരഭാഗങ്ങളിലേക്ക് വ്യാപിച്ചാല്‍ പോലും സുഖപ്പെടുത്താന്‍ പറ്റുന്ന കാന്‍സറുണ്ട്.

കാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ കാലം കാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാനും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താനും കഴിയുന്ന ഫലപ്രദമായ ചികിത്സകള്‍ ഇപ്പോള്‍ ലഭ്യമാണ്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കുന്നതിനൊടൊപ്പം, നമുക്ക് സ്ത്രീകളുടെ ആരോഗ്യത്തിനും മുന്‍ഗണന നല്‍കാം. അതോടൊപ്പം ആരോഗ്യമുള്ള ഒരു സമൂഹത്തിനായ് ഒന്നിക്കാം.