നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക് ഡൗണായി; പയ്യോളി ദേശീയപാതയിൽ വൻ ​ഗതാ​ഗത കുരുക്ക്


പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ന​ഗരത്തിൽ ​ഗതാ​ഗതക്കുരുക്ക്. കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വെച്ച് ബ്രേക്ക് ഡൗണാവുകയായിരുന്നു. ഇതേ തുടർന്ന് വടകരയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന ഭാ​ഗത്ത് വാഹന ​ഗതാ​ഗതം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിക്ക് ശേഷമാണ് സംഭവം.

കണ്ണൂര് ഭാ​ഗത്തു നിന്നും കോഴിക്കോടേക്ക് പോകുന്ന ലിമിറ്റഡ് ബസാണ് ബ്രേക്ക് ഡൗണായത്. വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റാത്തതിനാൽ സർവീസ് റോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. ഇതേ സ്ഥലത്ത് ഇന്നലെ കാർ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്നും ​ഗതാ​ഗത തടസം നേരിട്ടിരുന്നു.

രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടർന്നാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്ലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നും വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആകുന്നതെന്നും പ്രദേശവാസിയായ നൗഷാദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇവിടെ നിന്ന് വെള്ളം നീക്കുന്നതിനാവശ്യമായ യാതൊരു നടപടിയും അധികൃതർ കെെക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വാഹനങ്ങളെ നിയന്ത്രിക്കാൻ പോലീസുമില്ല. പ്രദേശവാകളിടപെട്ടാണ് വാഹനങ്ങളെ കടത്തി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയിൽ വെള്ളക്കെട്ടിലൂടെ കടന്നുപോയതിനെ തുടർന്നാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി. ഇത് ​ഗതാ​ഗതക്കുരുക്കിനും ഇടയാക്കി.

റോഡിലെ വെള്ളക്കെട്ട് നീക്കണമെന്ന് നാട്ടുകാര്‍ പലതവണ കരാറുകമ്പനിയായ വാഗാഡിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ കമ്പനി അധികൃതര്‍ അനങ്ങിയില്ല. തുടര്‍ന്ന് പയ്യോളി ഹൈവേ പൊലീസ് നേരിട്ട് കമ്പനി അധികൃതരോട് വെള്ളക്കെട്ട് നീക്കണമെന്ന് നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്ച വെള്ളക്കെട്ട് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നാണ് കമ്പനി പൊലീസിന് നല്‍കിയ ഉറപ്പ്. എന്നാല്‍ ഇതുവരെ വെള്ളക്കെട്ട് നീക്കുന്നതിനുള്ള യാതൊരു നടപടിയും വാഗാഡ് സ്വീകരിച്ചിട്ടില്ല.

Summary: Heavy rain waterlogged in road bus broke down. Traffic jam in Payyoli