ആവേശത്തുഴയെറിയാന്‍ അവരെത്തി; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം


പേരാമ്പ്ര: ഒമ്പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര – ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തിനായി പുലിക്കയത്തേക്ക് എത്തിയിട്ടുള്ളത്.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.

കയാക്കിങ്ങിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് അഞ്ച് ) ഇന്റര്‍നാഷണല്‍ താരങ്ങള്‍ പങ്കെടുക്കുന്ന പ്രഫഷണല്‍ എക്ട്രീം കയാക് സ്ലാലോം, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കും.
ആഗസ്റ്റ് ആറിന് വൈകുന്നേരം 4.30 ന് ഇലന്തുകടവില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.1.65 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.